പടന്: എൻഡിഎയുടെ ഭാഗമായ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയെ മുന്നണിയിൽ നിന്നും വേർപ്പെടുത്താനുള്ള ലാലുപ്രസാദ് യാദവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. എൻഡിഎയുടെ ഭാഗമായി തന്നെ തുടരനാണ് തീരുമാനമെന്ന് പാർട്ടി അദ്ധ്യക്ഷൻ ജിതൻ റാം മാഞ്ചി വ്യക്തമാക്കി. ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ എൻഡിഎയ്‌ക്കൊപ്പം നിൽക്കാൻ പാർട്ടി എംഎൽഎമാർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജിതൻ റാം മാഞ്ചിയെയും ഒപ്പമുള്ള എംഎൽഎമാരെയും കൂടെ നിർത്താൻ ആർജെഡി ശ്രമങ്ങൾ നടത്തിയിരുന്നു. മാഞ്ചിയുമായി ചർച്ച നടത്താൻ ലാലുപ്രസാദ് പാർട്ടി നേതാവിനെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചിരുന്നു. പിന്നാലെ തന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കി ജിതൻ റാം മാഞ്ചി രംഗത്തുവരികയായിരുന്നു.
നാളെയാണ് ബിഹാർ നിയമസഭയിൽ സർക്കാന് ഭൂരിപക്ഷം തെളിയിക്കാനുള്ള വോട്ടിംഗ് നടക്കുന്നത്. 243 അംഗ മന്ത്രിസഭയിൽ 122 അംഗങ്ങളുടെ പിന്തുണ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമാണ്. നിലവിൽ 128 എംഎൽഎമാരാണ് എൻഡിഎ പക്ഷത്തുള്ളത്. ബിജെപി- 78, ജെഡിയു- 45, എച്ച്എഎംഎസ് -4 സ്വതന്ത്രൻ – 01 എന്നിങ്ങനെയാണ് കക്ഷിനില. 114 അംഗങ്ങളാണ് മഹാഗഡ്ബന്ധൻ പക്ഷത്തുള്ളത്. 79 അംഗങ്ങളുള്ള ആർജെഡിയാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസ്- 19, സിപിഐഎംഎൽ- 12 സിപിഎം- 2 സിപിഐ-2 എന്നിങ്ങനെയാണ് മറ്റുള്ളവർ.
ഇൻഡി മുന്നണിയിലെ തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ മാസമാണ് നിതീഷ് കുമാർ എൻഡിഎയിൽ എത്തിയത്. തുടർന്ന് ജനുവരി 28 ന് ബിഹാറിൽ എൻഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജെഡിയു പിളർത്തി എംഎൽഎമാരെ ഒപ്പം നിർത്തി ബിഹാർ മുഖ്യമന്ത്രിയാകാനുള്ള തേജസ്വി യാദവിന്റെ നീക്കങ്ങളിൽ പ്രതിഷേധിച്ചായിരുന്നു നിതീഷ ഇൻഡി മുന്നണി ബന്ധം അവസാനിപ്പിച്ചത്.















