ബെനോനി: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരിന് അൽപ്പ സമയത്തിനുള്ളിൽ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് ഓസ്‌ട്രേലിയയാണ് എതിരാളികൾ. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്‌സ് ചാനലിലും ഡിസ്‌നി+ ഹോട്സ്റ്റാറിലും തത്സമയം കാണാം. തുടർച്ചയായ അഞ്ചാം ഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. 2010ൽ മിച്ചൽ മാർഷിന്റെ കീഴിലാണ് ഓസീസ് അവസാനമായി അണ്ടർ 19 ലോകകപ്പിൽ കിരീടം നേടിയത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ഓസീസും നേർക്കുനേർ വരുന്നത് ഇത് മൂന്നാം തവണയാണ്. 2012ലും 2018ലും ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. കഴിഞ്ഞ നവംബറിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസീസ് കിരീടം നേടിയത്. അതിന് കണക്കു തീർക്കാൻ കൂടിയാണ് കൗമാരപ്പട ഇന്നിറങ്ങുന്നത്.
#WATCH | Ganganagar, Rajasthan: Ahead of the ICC Under-19 Cricket World Cup final against Australia, parents of the Indian team captain Uday Saharan offer prayers at Balaji temple, they say, “We bow to lord Balaji and seek blessings that they (Indian team) win today. For us,… pic.twitter.com/EUmIGxsmkU
— ANI (@ANI) February 11, 2024
“>
അതേസമയം ഇന്ത്യൻ ടീമിന്റെ വിജയത്തിനായി നായകൻ ഉദയ് സഹറാന്റെ കുടുംബം ഗംഗാനഗറിലെ ബാലാജി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇന്ത്യൻ ടീമിന്റെ വിജയത്തിനായാണ് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചത്. ലോകകപ്പിൽ വിജയിക്കുന്ന ടീമുകളുടെ പട്ടികയിൽ ഒരിക്കൽ കൂടി രാജ്യത്തിന്റെ പേര് കാണണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മകന് കീഴിൽ രാജ്യം ആ നേട്ടം സ്വന്തമാക്കുന്നതിലപ്പുറം മറ്റൊരു സന്തോഷമില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.
ഉദയ് സഹറാൻ, മുഷീർ ഖാൻ, സച്ചിൻ ദാസ്, നമൻ തിവാരി സൗമി പാണ്ഡെ തുടങ്ങിയവരുടെ മിന്നും ഫോമാണ് ഇന്ത്യൻ പ്രതീക്ഷ. ഹാരി ഡിക്‌സൺ, ഒലിവർ പീക്ക്, ടോം സ്ട്രാക്കർ തുടങ്ങിയവരാണ് ഓസീസ് ടീമിന്റെ കരുത്ത്.















