ന്യൂഡൽഹി: രാജ്യത്ത് വൻ വിജയമായി മാറിയ യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനം ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിക്കുന്നു. ഇരുരാജ്യങ്ങളിലും നാളെ മുതൽ യുപിഐ (Unified Payment Interface) ആരംഭം കുറിക്കും. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തിന്റെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുക. വീഡിയോ കോൺഫറൻസ് മുഖേന ഉച്ചയ്‌ക്ക് ഒരു മണിയോടെ ഇരുരാജ്യങ്ങളിലും ഭാരതത്തിന്റെ യുപിഐ സംവിധാനം ലോഞ്ച് ചെയ്യും. ഇതോടൊപ്പം മൗറീഷ്യസിൽ റൂപേ (RuPay) കാർഡ് സർവീസുകളുടെ സേവനം ആരംഭിക്കുന്നതിനും നടപടികൾ ആരംഭിക്കും.
യുപിഐ സംവിധാനം വരുന്നതോടെ ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഭാരതീയർക്ക് എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ കഴിയുന്നതാണ്. സമാനമായി മൗറീഷ്യസിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്കും യുപിഐ സേവനം ഗുണകരമാവും. റുപേ കാർഡ് സേവനം ആരംഭിക്കുന്നതോടെ മൗറീഷ്യസിലെ ബാങ്കുകൾക്ക് RuPay മെക്കാനിസത്തിലൂടെ കാർഡുകൾ നൽകാൻ കഴിയുന്നതാണ്. ഇതുവഴി ഇന്ത്യയിലും മൗറീഷ്യസിലും പണമിടപാട് നടത്താം. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വളർത്തുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നിതിനും ഇത് സഹായിക്കുമെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.