ഇസ്ലാമാബാദ്: പാകിസ്താനിൽ നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധവുമായി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് അനുയായികൾ. പ്രതിഷേധക്കാരും പോലീസും തെരുവിൽ ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായി. കൂട്ടമായെത്തിയ പാർട്ടി പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. റാവൽപിണ്ടിയിലും കിഴക്കൻ ലാഹോറിലും പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. നിയമം ലംഘിച്ച് ഒത്തുചേരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
വോട്ടെണ്ണൽ അവസാനിച്ചുവെങ്കിലും എത്ര സീറ്റുകളാണ് ഓരോ പാർട്ടിയും നേടിയത് എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല. ഇമ്രാന്റെ പിടിഐയെ പിന്തുണച്ച് മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭരണം പിടിക്കാനുള്ള പാകിസ്താൻ മുസ്ലീം ലീഗ്-നവാസിന്റെ സാധ്യതകളാണ് ഇതോടെ മങ്ങിയത്. സൈന്യത്തിന്റെ പിന്തുണയോടെയാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎൽ-എൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
സ്വതന്ത്ര സ്ഥാനാർത്ഥികൾക്കാണ് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നതെങ്കിലും ഇവർക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ല. നവാസ് ഷെരീഫിന്റെ പാർട്ടിയും പിപിപിയും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അതേസമയം കള്ളവോട്ടും തിരിമറിയും നടന്നില്ലായിരുന്നുവെങ്കിൽ ഇനിയും കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നു എന്നും പിടിഐ നേതാക്കൾ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്തെത്തുന്നതിന് മുൻപ് വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ് രംഗത്തെത്തിയത് സൈന്യത്തിന്റെ പിന്തുണയോടെയാണെന്നും ഇവർ ആരോപിച്ചു.