പട്ന: ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ജെഡിയു-ആർജെഡി-കോൺഗ്രസ് സഖ്യമായ മഹാഗഡ്ബന്ധൻ തകർന്നതിന് പിന്നാലെ സംസ്ഥാനത്ത് പുതിയ സഖ്യസർക്കാർ ബിജെപിയുടെ പിന്തുണയോടെ അധികാരത്തിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ജെഡിയു-ബിജെപി സഖ്യമായ പുതിയ എൻഡിഎ സർക്കാരിന് നിലവിൽ 128 പേരുടെ പിന്തുണയുണ്ട്. 243 അംഗ നിയമസഭയിൽ അധികാരം ഉറപ്പാക്കുന്നതിന് 122 എംഎൽഎമാരുടെ പിന്തുണയാണ് ആവശ്യം.
വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ വസതിയിൽ വച്ച് ഉപമുഖ്യമന്ത്രിമാരുമായി ഞായറാഴ്ച കൂടിക്കാഴ്ച നടന്നിരുന്നു. വിശ്വാസം നേടുമെന്ന് യോഗത്തിൽ നിതീഷ് കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജെഡിയുവിന് 45 എംഎൽഎമാരും ബിജെപിക്ക് 78 എംഎൽഎമാരുമാണ് ബിഹാറിലുള്ളത്. ഇതുകൂടാതെ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം മോർച്ച (HAM) പ്രതിനിധികളും എൻഡിഎ സഖ്യത്തിനൊപ്പമാണ്. ഒപ്പം സ്വതന്ത്ര എംഎൽഎയും മന്ത്രിയുമായ സുമിത് കുമാർ സിംഗിന്റെ പിന്തുണയും സഖ്യത്തിനുണ്ട്.
അതേസമയം വിശ്വാസ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിന്റെ വസതിയിലാണ് ആർജെഡി എംഎൽഎമാർ ക്യാമ്പ് ചെയ്യുന്നത്.















