കൊച്ചി: ബാറിന് മുന്നിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ. ആക്രമണത്തിൽ രണ്ട് ബാർ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമായിരുന്നു വെടിവയ്പ്പിൽ കലാശിച്ചത്. അതേസമയം കസ്റ്റഡിയിലെടുത്ത രണ്ട് പേർ പ്രതികളാണോയെന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നതിന് മുന്നോടിയായി മൂവാറ്റുപുഴയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാർ കണ്ടെത്തിയിരുന്നു. ഇത് പ്രതികൾ ഉപേക്ഷിച്ച് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ‘റെന്റ് എ കാർ’ ആണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാറിൽ പരിശോധന നടത്താൻ വിരലടയാള വിദഗ്ധരെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി 11.30ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കത്രിക്കടവ് ഇടശേരി ബാറിൽ മദ്യപിക്കാനെത്തിയവർ ബാർ ജീവനക്കാരുമായി തർക്കത്തിലാവുകയായിരുന്നു. വെടിവയ്പ്പിന് ശേഷം പ്രതികൾ കാറിൽ കടന്നുകളഞ്ഞു. ആക്രമണത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേർക്ക് വെടിയേറ്റിരുന്നു. എയർ പിസ്റ്റൽ ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെങ്കിലും ഇവർ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.