പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് എന്നും പ്രചോദനമാണെന്ന് സംവിധായകൻ കെ.ജി ജോർജിന്റെ മകൾ താര ജോർജ്. 150 രാജ്യങ്ങൾക്ക് മേലെ സഞ്ചരിച്ച ഒരാളെന്ന നിലയ്‌ക്ക് മറ്റ് രാജ്യങ്ങളിൽ ചെല്ലുമ്പോൾ നരേന്ദ്രമോദിയുടെ നാട്ടിൽ നിന്നാണോ വരുന്നത് എന്ന് കേൾക്കുമ്പോൾ അഭിമാനം തോന്നാറുണ്ടെന്നും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും താര ജോർജ് പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് പ്രധാനമന്ത്രിയോടുള്ള ഇഷ്ടം താര വ്യക്തമാക്കിയത്.
“ഞാൻ യാത്ര ചെയ്യുന്ന സമയത്ത് ആൾക്കാർ ചോദിക്കും എവിടെ നിന്നാണ് വരുന്നതെന്ന്. ചിലർക്ക് മനസിലാകും ഞാൻ ഇന്ത്യനാണെന്ന്. ഇന്ത്യയിൽ നിന്നാണ് വരുന്നതെന്ന് പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിൽ നിന്നാണെന്ന് എല്ലാവരും പറയും. അത് തന്നെ എനിക്ക് അഭിമാനമാണ്. ലോകനേതാക്കളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് നരേന്ദ്രമോദിയുടെ പേരാണ്. പത്ത് വർഷം കഴിയുന്നു. ഇന്ത്യക്കുണ്ടായ കുതിപ്പ്, മാറ്റം വലുതാണ്. നരേന്ദ്രമോദിജി എന്നും എനിക്ക് ആവേശമാണ്”.
“മോദിജി പോയ ക്ഷേത്രങ്ങളിലെല്ലാം എനിക്കും പോകണം. അതെല്ലാം ഞാൻ നോക്കി വച്ചിട്ടുണ്ട്. രാഷ്‌ട്രീയത്തിലായാലും ആത്മീയതയിലായാലും നരേന്ദ്രമോദി എനിക്ക് പ്രചോദനമാണ്. അദ്ദേഹം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ റോൾ മോഡലാണ്. അദ്ദേഹത്തെപ്പറ്റി എന്നോട് ചോദിച്ചാൽ എനിക്ക് വാക്കുകൾ കിട്ടില്ല. അത്രയും ഇഷ്ടമാണ്, ബഹുമാനമാണ്. പ്രധാനമന്ത്രിയെ കാണുന്ന, സംസാരിക്കുന്ന ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ. എന്റെ ആഗ്രഹം സഫലമാകുമെന്ന് നൂറ് ശതമാനം ഞാൻ വിശ്വസിക്കുന്നു”- താര ജോർജ് പറഞ്ഞു.















