പല കാരണങ്ങളാൽ ചിലർക്ക് സുഖമായി ഉറങ്ങാൻ സാധിച്ചെന്ന് വരില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതല്ലാതെ ഉറങ്ങാൻ കഴിയാതെ വരുന്നവർ നമ്മുക്ക് ചുറ്റിനുമുണ്ട്. രാത്രി കഴിക്കുന്ന ആഹാരങ്ങളും ഉറക്കത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ആഹാരം കഴിക്കാതെ കിടന്നാലും വയറുനിറയെ ആഹാരം കഴിച്ച് കിടന്നാലും ഉറക്കം വരാറില്ല.
രാത്രിയിൽ അമിതമായി ആഹാരം കഴിക്കാതിരിക്കുക എന്നത് മാത്രമാണ് അതിന് ഏറ്റവും ഉചിതമായ മാർഗം. എന്തെങ്കിലും അസുഖങ്ങൾ ബാധിച്ച് ചികിത്സയിലിരിക്കുന്നവർ ആണെങ്കിൽ തീർച്ചയായും ഉറങ്ങുന്നതിന് മുമ്പ് കഴിക്കേണ്ട ആഹാരങ്ങളിൽ ക്രമീകരണം വരുത്തണം. ലൈറ്റായിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതാണ് ശരീരത്തിന് എപ്പോഴും ഗുണം ചെയ്യുന്നത്. അതിനായി രാത്രികാലങ്ങളിൽ പഴങ്ങൾ കഴിക്കുന്നത് വളരെ അനുയോജ്യമാണ്. അവ ഏതൊക്കെയെന്ന് നോക്കാം…
നേന്ത്രപ്പഴം
എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പായി നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് അത്യുത്തമമാണ്. നേന്ത്രപ്പഴത്തിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ പേശികുടെ ആയാസത്തിന് സഹായിക്കുന്നു. സന്തോഷത്തിന്റെ ഹോർമാേണായ സെറട്ടോണിക് ഉത്പ്പാദിപ്പിക്കുന്നതിനും ഇത് സഹായകരമാണ്. ഇത് മെച്ചപ്പെട്ട ഉറക്കം പ്രദാനം ചെയ്യുന്നു.
ചെറീസ്
രാത്രി ചെറികൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. മാത്രമല്ല ഉറക്കമില്ലായ്മയെ അകറ്റാനും ഇവ സഹായിക്കുന്നു. ചെറികളിൽ അടങ്ങിയിരിക്കുന്ന മെലട്ടോണിൻ ദീർഘമായതും സുഖകരവുമായ ഉറക്കം ഉറപ്പാക്കുന്നു.
പൈനാപ്പിൾ
ഉറങ്ങുന്നതിന് മുമ്പ് പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. പൈനാപ്പിളിലുള്ള വൈറ്റാമിൻ സി, മെലട്ടോണിൻ, മഗ്നീഷ്യം, ഫൈബർ എന്നിവ സുഖപ്രദമായി ഉറങ്ങാൻ സഹായിക്കുന്നു.
ഓറഞ്ച്
പൊതുവെ വീടുകളിൽ വാങ്ങുന്ന പഴവർഗമാണ് ഓറഞ്ച്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വൈറ്റാമിൻ സി ശരീരത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതോടൊപ്പം സുഖകരമായി ഉറങ്ങുന്നതിനും സഹായിക്കുന്നു.
പപ്പായ
പപ്പായയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, ഇ, ഫോളേറ്റ്, പൊട്ടാസ്യം എന്നീ പോഷകഘടകങ്ങളിലൂടെ ഉറക്കമില്ലായ്മ ഒഴിവാക്കാനും സഹായിക്കുന്നു.
ആപ്പിൾ
രാത്രിയിൽ കഴിക്കാൻ ഏറ്റവും അനുയോജ്യമായ പഴ വർഗമാണ് ആപ്പിൾ. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഫൈബർ ഉറക്കത്തിന് വളരെയധികം ഗുണം ചെയ്യുന്നു.