ന്യൂഡൽഹി: സന്ദേശ്ഖാലി വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. വംശഹത്യക്ക് പേരുകേട്ടയാളാണ് മമതയെന്നും സന്ദേശ്‌ഖാലിയിലെ സ്ത്രീകൾ സഹായത്തിനും സംരക്ഷണത്തിനും വേണ്ടി കേഴുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
തൃണമൂൽ കോൺഗ്രസിന്റെ ഓഫീസിൽ രാപ്പകൽ സ്ത്രീകൾ ബലാത്സഗം ചെയ്യപ്പെട്ടു. ഈ കൊടുംക്രൂരതയ്‌ക്ക് വേണ്ടി അവർ ഹിന്ദു യുവതികളെയാണ് തിരഞ്ഞെടുത്തിരുന്നത്. ദുരനുഭവങ്ങൾ പങ്കുവച്ച സ്ത്രീകളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ എല്ലാവരും അന്വേഷിച്ച വ്യക്തിയാണ് ഷെയ്ഖ് ഷാജഹാൻ. റേഷൻ കുംഭക്കോണ കേസിലെ പ്രതിയാണിയാൾ. പിന്നാക്ക വിഭാഗങ്ങളുടെയും പാവപ്പെട്ട സ്ത്രീകളുടെയും കർഷക സമൂഹങ്ങളുടെയും അന്തസും അഭിമാനവും രാഷട്രീയ നേട്ടത്തിനായി അവർ കച്ചവടം ചെയ്തു. ഷെയ്ഖ് ഷാജഹാൻ എവിടെ… ഹിന്ദു സ്ത്രീകളെ നശിപ്പിക്കുന്നതിനും ബലാത്സഗത്തിനിരയാക്കുന്നതിനും എന്തിനാണ് മമത കൂട്ടുനിന്നത് -സ്മൃതി ഇറാനി ചോദിച്ചു.
സന്ദേശഖാലിയിലെ സ്ത്രീകൾ നിരന്തരം പീഡിപ്പിക്കപ്പെടുന്ന സംഭവത്തിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം ശക്തമാണ്.
നഗരത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലാണ് പ്രതിഷേധം. പ്രാദേശിക ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും ബലപ്രയോഗത്തിലൂടെ തങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കിയെന്ന് സന്ദേശ്ഖാലിയിലെ സ്ത്രീകൾ വെളിപ്പെടുത്തി.















