ഇസ്ലാമാബാദ്: പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച 12ഓളം സ്വതന്ത്ര സ്ഥാനാർത്ഥികൾ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് പാർട്ടിയുടെ ഭാഗമാകാനൊരുങ്ങുന്നതായി റിപ്പോർട്ട്. രാജൻപൂരിലെ എൻഎ-189ൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഷംഷീർ അലി മസാരി പിഎംഎൽ-എന്നിൽ ചേർന്നതായി അറിയിച്ചു. പിഎംഎൽ-എന്നിന് പിന്തുണ നൽകുന്നതിന് മുൻപായി തന്റെ സഹപ്രവർത്തകരുമായി ഈ വിഷയത്തെ കുറിച്ച് കൂടിയാലോചനകൾ നടന്നുവെന്നും, പ്രവർത്തകരുടെ കൂടി അഭിപ്രായം മാനിച്ചാണ് ഈ തീരുമാനമെന്നും മസാരി പറയുന്നു.
പിഎംഎൽ-എൻ സ്ഥാനാർത്ഥിയായിരുന്ന സർദാർ റിയാസിനെയാണ് മസാരി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. പിപി-240 മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര സ്ഥാനാർത്ഥി മുഹമ്മദ് സൊഹൈൽ, പിപി-48-ൽ നിന്ന് വിജയിച്ച ഖുറം വിർക്ക്, പിപി-49-ൽ നിന്ന് വിജയിച്ച റാണ മുഹമ്മദ് ഫയാസ്, പിപി -94-ൽ നിന്നുള്ള തൈമൂർ ലാലി എന്നിവരും പിഎംഎൽ-എന്നിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പാകിസ്താനിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പിഎംഎൽ-എന്നും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും തമ്മിലുള്ള ചർച്ചകൾ പരോഗമിക്കുകയാണ്. പ്രധാനമന്ത്രിയായി ആരെ തിരഞ്ഞെടുക്കും എന്നതും ഇവരുടെ കാലയളവ് സംബന്ധിച്ചുള്ള കൂടിയാലോചനകളും നടക്കുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. രണ്ട് പാർട്ടികൾക്കും അധികാരം ലഭിക്കത്ത രീതിയിൽ ടേം വ്യവസ്ഥയിലായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.















