ചെന്നൈ: ബിജെപി സർക്കാർജനങ്ങൾക്കായി മികച്ച ഭരണമാണ് കാഴ്ച വയ്‌ക്കുന്നതെന്ന് തമിഴ് നടൻ ശരത് കുമാർ. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് ബഹുമാനം ലഭിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാണെന്നും ശരത് കുമാർ പറഞ്ഞു. അയോദ്ധ്യ രാമ ക്ഷേത്രത്തെക്കുറിച്ചും നടൻ പരാമർശം നടത്തി. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശരത് കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ബിജെപി ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമാണ് നൽകുന്നതെന്ന ചിന്താഗതി തന്നെ തെറ്റാണ്. ബിജെപി സർക്കാർ നല്ലൊരു ഭരണം കൂടിയാണ് കാഴ്ചവെക്കുന്നത്. അതു മാത്രം ആളുകൾ പറയുന്നില്ല. വിദേശത്ത് പോകുമ്പോൾ നമുക്ക് ഇപ്പോൾ ലഭിക്കുന്ന ബഹുമാനത്തിന് കാരണം മോദിയാണ്. 15 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ പോയപ്പോൾ ഉണ്ടായിരുന്ന സ്ഥിതിയല്ല ഇപ്പോൾ.
ജനങ്ങളുടെ ചിന്താഗതിക്ക് ഒരിക്കലും മാറ്റം വരാൻ പോകുന്നില്ല. അയോദ്ധ്യ ക്ഷേത്രത്തിൽ നടൻ രജനികാന്ത് പോയതിന് ഒരുപാടു പേർ വിമർശിച്ചിരുന്നു. എനിക്ക് അതിൽ തെറ്റൊന്നും കാണാൻ കഴിയുന്നില്ല. ഒരു അവസരം ലഭിക്കുകയാണെങ്കിൽ ഞാനും അയോദ്ധ്യ ക്ഷേത്രത്തിൽ പോകും. ഓരോ വ്യക്തിക്കും അവരവരുടേതായ വിശ്വാസങ്ങളുണ്ട്. ഏത് ക്ഷേത്രത്തിലാണ് പോകേണ്ടതെന്നും തീരുമാനിക്കേണ്ടത് അവരുടെ സ്വാതന്ത്ര്യമാണ്.’- ശരത് കുമാർ പറഞ്ഞു.















