എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഷോൺ ജോർജ്. 2008-ൽ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി പേഴ്‌സണൽ സ്റ്റാഫ് അംഗമായി നിയമിച്ചു. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയായാണ് ആർ മോഹനനെ പേഴ്‌സണൽ സ്റ്റാഫ് അംഗമായി നിയമിച്ചത്. ഈ ഉദ്യോഗസ്ഥന്റെ മുൻ കാല ഇടപടലുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. കൊച്ചിയിൽ വാർത്തസമ്മേളനത്തിലാണ് ഷോൺ ജോർജ് ഗുരുതര ആരോപണമുന്നയിച്ചത്.
ലാവ്‌ലിനിൽ കിട്ടിയ കമ്മീഷൻ തുക സിംഗപ്പൂരിലെ കമല ഇന്റർനാഷണലിൽ നിക്ഷേപിച്ചു കാര്യമാണ് ആർ.മോഹനൻ അന്വേഷിച്ചത്. കമല ഇന്റർനാഷണലിനെ കുറിച്ച് പരിശോധിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ കുറിച്ച് ശ്രദ്ധയിൽപ്പെട്ടത്. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസ് തസ്തികയിൽ ജോലി ചെയ്യുന്ന ആർ മോഹനനെ 2016-ലാണ് പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്.
മുൻ ചീഫ് സെക്രട്ടറിയുടെ സഹോദരനാണ് റിട്ടയേർഡ് ഇൻകം ടാക്‌സ് അഡീഷണൽ ഡയറക്ടർ ആർ മോഹൻ.















