തിരുവനന്തപുരം: കിളിമാനൂരിൽ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകി ബന്ധുക്കൾ. ഒരാഴ്ച മുമ്പ് അടൂരിൽ ജോലിക്കായി പോയ ഇയാൾ വീട്ടിൽ തിരികെ എത്തിയിരുന്നില്ല. കൂടാതെ ജോലി ചെയ്ത് ലഭിച്ച പണവും ബാഗും വസ്ത്രവും മൊബൈൽ ഫോണും കണ്ടെത്താനായിട്ടില്ല.
ജീവൻ രക്ഷിക്കാൻ ശ്രമിച്ചവരെ നാട്ടുകാരിൽ ചിലർ തടഞ്ഞുവെന്നും മരിക്കുന്നതിന് മുമ്പ് സുരേഷിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ സംശയം ഉണ്ടെന്ന് ബന്ധുക്കൾ പരാതി നൽകി.സൂര്യതാപം ഏറ്റ് നിർജലീകരണം സംഭവിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
എന്നാൽ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി ഇയാളെ ആരും ശ്രദ്ധിച്ചിരുന്നില്ല. വൈകിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ സൂര്യതാപമേറ്റ് പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു.















