പത്തനംതിട്ട: പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പി ജി ശശികുമാരവർമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
“ശബരിമല ആചാര സംരക്ഷണത്തിന് അദ്ദേഹം കൈക്കൊണ്ട, അടിയുറച്ച നിലപാട് ഹൈന്ദവ സമൂഹം എക്കാലവും ഓർമ്മിക്കും. വിശ്വാസ സമൂഹത്തിന് എന്നും പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. ആദ്ധ്യാത്മിക മേഖലയിലെ സംഭാവനകളെ സ്മരിക്കുന്നു. ബന്ധുമിത്രാദികളുടെ ദുഖത്തിൽ പങ്കുചേരുന്നു”- കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ശശികുമാർ വർമ്മയുടെ ഭൗതികദേഹം പന്തളം വലിയകോയിക്കൽ മേടക്കല്ലിന് സമീപത്തുള്ള രാജ രാജശേഖര അന്നദാനമണ്ഡപത്തിൽ പൊതുദർശനത്തിന് വച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ നിരവധി ഉന്നത നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.















