പത്തനംതിട്ട : പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പി.ജി ശശികുമാരവർമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറം സിനിമ ഇറങ്ങിയപ്പോൾ തനിക്ക് നൽകിയ പിന്തുണ ഓർത്തെടുത്തുകൊണ്ടാണ് അഭിലാഷ് പിള്ള ദുഃഖം രേഖപ്പെടുത്തിയത്. തമ്പുരാൻ ആവശ്യപ്പെട്ട ഒരു വലിയ കാര്യം, ചരിത്രത്തിൽ പറയാൻ ബാക്കി വച്ച ഒരു വലിയ സത്യം ഒരിക്കൽ തിരക്കഥയാക്കുമെന്നും അഭിലാഷ് പിള്ള പറഞ്ഞു.
അഭിലാഷ് പിള്ളയുടെ വാക്കുകൾ,
മാളികപ്പുറം സിനിമ റിലീസ് ആയി 3 ദിവസം കഴിഞ്ഞ് എനിക്ക് വന്ന ഒരു ഫോൺ കോളിന് മറുതലക്കൽ ഞാൻ കേട്ട ശബ്ദം ഒരു കാലത്ത് നാട് ഭരിച്ച പന്തളം രാജകുടുംബത്തിലെ ഇന്നത്തെ തലമുറയിലെ തമ്പുരാന്റെയായിരുന്നു. പത്ത് മിനിറ്റോളം സംസാരിച്ച തമ്പുരാൻ പറഞ്ഞ നല്ല വാക്കുകൾ ഒരു അനുഗ്രഹം പോലെ ശിരസ്സിൽ ഇന്നുമുണ്ട്. തിരുവാഭരണം കാണാൻ മാളികപ്പുറം ടീമിനെ അദ്ദേഹം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അന്ന് കൊട്ടാരത്തിൽ വച്ച് രാജകുടുംബം തന്ന ആദരവ് തന്നെയാണ് മാളികപ്പുറം ടീമിന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും. തമ്പുരാൻ തന്ന അയ്യപ്പരൂപവും എന്റെ കൈ പിടിച്ചു അയ്യപ്പൻ അനുഗ്രഹിച്ച കൈകളാണ് എന്ന് പറഞ്ഞതും ഒരു എഴുത്തുകാരന് കിട്ടിയ വലിയ ആദരവിൽ ഒന്നാണ്.
പിന്നീട് കവടിയാർ കൊട്ടാരത്തിൽ വച്ച് ഒരിക്കൽ കൂടി തമ്പുരാനേ കണ്ട ദിവസം തലയിൽ തൊട്ടനുഗ്രഹിച്ചു തമ്പുരാൻ എന്നോട് ആവശ്യപ്പെട്ട ആ വലിയ കാര്യം അത് ഒരിക്കൽ ഞാൻ യാഥാർത്ഥ്യമാക്കും. ഇനിയും ചരിത്രത്തിൽ പറയാൻ ബാക്കി വച്ച ആ വലിയ സത്യം ഒരിക്കൽ ഞാൻ തിരക്കഥയാക്കും. മനസ്സിൽ അത്രയും സ്നേഹത്തോടെ ബഹുമാനത്തോടെ പ്രാർത്ഥനയോടെ തമ്പുരാന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.















