ന്യൂഡൽഹി: ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി ഭാരതം. അഗത്തിയിലും മിനിക്കോയിയിലുമാണ് എയർബേസ് ഉൾപ്പെടെയുള്ള നാവിക താവളങ്ങൾ നിർമ്മിക്കുന്നത്. മാർച്ച് നാലിനോ അഞ്ചിനോ ആയിരിക്കും നാവിക താവളമായ ഐഎൻഎസ് ജടായുവിന്റെ നിർമ്മാണോദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിർവഹിക്കുക. ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവ ഉൾപ്പെടെ 15 ഓളം യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന കപ്പൽ വ്യൂഹത്തിലായിരിക്കും പ്രതിരോധമന്ത്രി മിനിക്കോയ് ദ്വീപിലെത്തുക. സമുദ്ര സുരക്ഷയുടെ കാര്യത്തിൽ പുതിയ ചുവടുവയ്പ്പിനാകും ഇത് തുടക്കം കുറിക്കുക. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നാവികസേന കമാൻഡർമാരുടെ സംയുക്തയോഗവും പ്രതിരോധ മന്ത്രിയുടെ ലക്ഷദ്വീപ് യാത്രക്കിടെ വിമാനവാഹിനികളിൽ നടക്കും. ഗോവയിൽ നിന്ന് കാർവാർ, കർവാറിൽ നിന്ന് മിനിക്കോയിൽ നിന്ന് കൊച്ചി വരെ യാത്ര ചെയ്തുകൊണ്ടാണ് യോഗം നടക്കുക. രണ്ടാം ഘട്ട യോഗം മാർച്ച് 6-7 തീയതികളിൽ നടക്കും. മിനിക്കോയ് ദ്വീപിൽ പുതിയ എയർസ്ട്രിപ്പ് നിർമ്മിക്കാനും അഗത്തിയിലെ എയർ സ്ട്രിപ്പ് നവീകരിക്കാനും ഐഎൻഎസ് ജടായു നാവികത്താവളം അത്യാധുനിക നിലയിൽ വികസിപ്പിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചതാായാണ് റിപ്പോർട്ട്. പുതിയ സേനാത്താവളങ്ങൾ നിർമ്മിക്കുന്നതിലൂടെ ഇന്തോ-പസഫിക് മേഖലയിലെ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ചരക്ക് നീക്കത്തെ മാത്രമല്ല ലക്ഷദീപിന്റെ അടിസ്ഥാന സൗകര്യ നവീകരണത്തിനും ടൂറിസത്തിനും പുതിയ പദ്ധതികൾ ശക്തിപകരും.
സൂയസ് കനാലിൽ നിന്ന് തെക്ക്- കിഴക്കൻ ഏഷ്യയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകൾ കടന്നുപോകുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ 9 ഡിഗ്രി, 10 ഡിഗ്രി ചാനലുകൾ വഴിയാണ്. 9 ഡിഗ്രി ചാനലിൽ മിനിക്കോയ്, അഗത്തി ദ്വീപുകളും 10 ഡിഗ്രി ചാനലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ് സ്ഥിതി ചെയ്യുന്നത്. ഇന്തോനേഷ്യയിലെ സുന്ദ, ലോംബോക്ക് സമുദ്ര ഇടനാഴിയിലും ഇന്ത്യ ആധിപത്യം പുലർത്തുന്നുണ്ട്.















