നസ്ലിൻ നായകാനയെത്തിയ പ്രേമലു എന്ന സിനിമ ഒരുപാട് ഇഷ്ടമായെന്ന് സംവിധായകൻ പ്രിയദർശൻ. വ്യത്യസ്തമായ ഹ്യൂമറിൽ റിയലിസ്റ്റിക്കായിട്ടാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു. താൻ ഇനി ഇത്തരത്തിലെ സിനിമകൾ ഒന്നും ചെയ്യുന്നില്ലെന്നും പുതിയ പുതിയ ആളുകൾ നല്ല സിനിമകൾ ചെയ്യട്ടേ എന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട് ഇറങ്ങിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയദർശൻ.
‘സൂപ്പർ ഫിലിം, എന്റർടൈൻമെന്റ് എന്നു പറഞ്ഞാൽ ഇതാണ്. എല്ലാം ഫ്രഷായിട്ട് എത്തി. ഇതാണ് യംഗ്സ്റ്റേഴ്സിന്റെ സിനിമ. ആ പയ്യനെ എനിക്ക് ഒരുപാട് ഇഷ്ടമായി. സിനിമ തീർന്നത് അറിഞ്ഞില്ല, ഭയങ്കര ഫ്രഷായി തോന്നി എന്നതാണ് സത്യം. നസ്‍ലിനെ ഒന്ന് കണ്ടിട്ട് ആശംസ പറയണം. ഇതില്‍ കുറച്ച് വ്യത്യസ്തമായ ഹ്യൂമറായിരുന്നു. സിനിമ തീര്‍ന്നത് അറിഞ്ഞില്ല. കുറച്ചുകൂടെ റിയലസ്റ്റിക്കാണ്. അതുകൊണ്ട് നല്ല ഫ്രഷായിട്ട് തോന്നിയത്.
നമ്മുടെയൊക്കെ കാലം കഴിഞ്ഞില്ലേ.. ഇനി ഇതുപോലുള്ള പുതിയ പുതിയ ആളുകൾ നല്ല സിനിമകൾ എടുക്കട്ടേ. അതാണ് ഇഷ്ടം. ഇനി സിനിമ ചെയ്യൽ അല്ല, ഇരുന്ന് കാണും.’-പ്രിയദർശൻ പറഞ്ഞു.
കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത പ്രേമലു തിയേറ്ററിൽ ഇപ്പോഴും വിജയകരമായി മുന്നേറുകയാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്ലിൻ, മമിത ബൈജു, ശ്യാം മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് സിനിമ പറയുന്നത്.















