ഏറെ ആവേശത്തോടെ പ്രഖ്യാപിച്ച സുരേഷ് ഗോപി ചിത്രമാണ് എസ് ജി 251. ചിത്രം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും എന്നാൽ എല്ലാം മറി കടക്കുമെന്നും കുറച്ച് മാസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ സംവിധായകൻ രാഹുൽ രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് മറ്റൊരു വിവരമാണ് രാഹുൽ വെളിപ്പെടുത്തിയിരിക്കുന്നത്.
സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ മാസം കഴിഞ്ഞ് ആരംഭിക്കുമെന്നാണ് സംവിധായകൻ രാഹുൽ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം ഓക്കെയാണ്, ഇലക്ഷൻ കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിക്കുമെന്നും രാഹുൽ പറഞ്ഞു. 5 വർഷം താൻ ഈ സിനിമയ്‌ക്ക് വേണ്ടി സ്പെൻഡ് ചെയ്തെന്നും അത്രത്തോളം കോൺഫിഡൻസുണ്ടെന്നും രാഹുൽ വ്യക്തമാക്കി. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
‘സുരേഷ് ഗോപി സാറിന്റെ പടത്തിന് വീണ്ടും കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇലക്ഷൻ കഴിഞ്ഞതിന് ശേഷം തുടങ്ങും. എന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളൊരു സിനിമയാണ്, പക്ഷെ അത് സംഭവിക്കേണ്ട സമയത്ത് സംഭവിക്കും. ആ സിനിമ ഡ്രാമ റിവഞ്ച് ത്രില്ലറാണ്. ആക്ഷൻ എല്ലാം സിനിമയിലുണ്ട്. സുരേഷ് ഗോപി സാറിന്റെ എല്ലാ എലമൻസും ഉള്ളൊരു ചിത്രം തന്നെയാണ്.
സ്ക്രിപ്റ്റിംഗും ബാക്കി പ്രോസസുമൊക്കെ കഴിഞ്ഞിരിക്കുകയാണ്. ഇനി ഷൂട്ടിംഗിലേക്ക് കടക്കണം. ഈ ഒരു സിനിമയ്‌ക്ക് വേണ്ടി 4 വർഷം സ്പെൻഡ് ചെയ്തു. ഇനി 5-ാമത്തെ വർഷത്തിലേക്ക് കടക്കാൻ പോകുകയാണ്. സുരേഷ് സാറിനോടൊപ്പമുള്ള ഈ സിനിമയിൽ അത്രയ്ക്ക് കോൺഫിഡൻഡ് ഉള്ളതുകൊണ്ടാണ് മറ്റൊരു സിനിമയിലേക്ക് തിരിയാത്തത്. ഇത് കഴിഞ്ഞിട്ട് മതിയെന്നാണ്.
ആദ്യം ഒരു സിനിമ ചെയ്തിരുന്നു. അത്, ഞാൻ ആഗ്രഹിച്ചതുപോലൊന്നും വിജയിച്ചില്ല. ഇനി അടുത്ത് ചെയ്യുമ്പോൾ നല്ലൊരു പടം തന്നെ ചെയ്യണം. കുറച്ച് ആളുകൾ അറിയണം എന്നൊക്കെയുള്ള നിർബന്ധം ഉള്ളതുകൊണ്ട് തന്നെയാണ് മറ്റൊരു ചിത്രത്തിലേക്കും പോകാതെ ഇപ്പോഴും ഇതിൽ തന്നെ നിൽക്കുന്നത്. വേറെ കഥയൊന്നും കേട്ടിട്ടില്ല.’- രാഹുൽ രാമചന്ദ്രൻ പറഞ്ഞു.















