തൃശൂർ: പ്രധാനസേവകനെ വീണ്ടും കേരളത്തിലേക്ക് വരവേൽക്കാനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഈ മാസം 27-ന് തിരുവനന്തപുരത്താണ് പദയാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. സുരേന്ദ്രൻ തന്നെയാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
വലിയ ജനപിന്തുണയാണ് കേരള പദയാത്രയ്‌ക്ക് ലഭിക്കുന്നത്. ഓരോ മണ്ഡലത്തിലും നിരവധി പേർ പാർട്ടിയിലേക്ക് പുതുതായി അണിചേർന്നു. എല്ലാ ജനവിഭാഗത്തിലുള്ളവരും ബിജെപിയോടൊപ്പം നിൽക്കുന്നത് നാം കണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ജനങ്ങളുടെ വിശ്വാസം ഓരോ ദിവസവും കേരളത്തിൽ വർദ്ധിച്ചുവരികയാണ്. കേരള പദയാത്ര ജനങ്ങളുടെ ജീവിത പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്.
പ്രധാനമന്ത്രി അനുവദിച്ച ഭാരത് അരി കേരളത്തിലെ ലക്ഷക്കണക്കിന് പാവപ്പെട്ടവർക്ക് അനുഗ്രഹമാകും. ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ് ബിജെപി. പിണറായി വിജയന്റെ യാത്ര പോലെ മാസപ്പടിക്കാരുടെയും കൊള്ളപ്പണ ഇടപാടുകരുടെയും ഇടയിലേക്കല്ല ബിജെപിയുടെ പദയാത്ര പോകുന്നത്. ഇത് കേരളത്തിലെ സാധാരണ ജനങ്ങളുടെ അരികിലേക്കാണ് പോകുന്നത്. സംസ്ഥാന സർക്കാരിന്റെ എല്ലാ ഭരണവീഴ്ചകളും കേരള പദയാത്രയിലൂടെ തുറന്നു കാണിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.