മുംബൈ: മഹാരാഷ്‌ട്ര കോൺഗ്രസ് ഇൻ ചാർജ് രമേശ് ചെന്നിത്തലയ്‌ക്ക് മറുപടിയുമായി ബിജെപി നേതാവ് അശോക് ചവാൻ. അശോക് ചവാന് കോൺഗ്രസ് എല്ലാം നൽകി എന്നതുപോലെ ചവാനും കോൺഗ്രസിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 2010ൽ 82 എംഎൽഎമാരുടെ ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രിയായത്. മഹാരാഷ്‌ട്രയിൽ സർക്കാരിനെ തിരികെ കൊണ്ടുവരാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ഇതെല്ലാം ചെയ്തിട്ടും പ്രശ്നങ്ങൾ ഒഴിഞ്ഞില്ല. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പാർട്ടികളെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് വേണ്ടത്. എന്റെ സത്യസന്ധതയെ ആർക്കും സംശയിക്കാനാവില്ല. സേവനങ്ങൾ അംഗീകരിക്കണമെന്നും തനിക്ക് പരാതികളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചവാനെ രണ്ട് തവണ മുഖ്യമന്ത്രിയാക്കിയതും 15 വർഷം മന്ത്രിയാക്കിയതും കോൺഗ്രസാണെന്നും യുദ്ധക്കളത്തിൽ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുന്ന ഭീരുവാണ് അശോക് ചവാനെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എതിരാളികളുമായി ചേർന്ന് ചവാൻ കോൺഗ്രസിനെ പിന്നിൽ നിന്നും കുത്തിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.















