ഇസ്ലാമാബാദ്: രാജ്യത്ത് നടന്ന പൊതുതിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും, നിലവിൽ പുറത്ത് വന്ന ഫലങ്ങളിൽ ആശങ്കയുണ്ടെന്നും അറിയിച്ച് അമേരിക്കയ്‌ക്ക് പ്രത്യേക സന്ദേശം അയച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റാവൽപിണ്ടിയിലെ അഡിയാലയിൽ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി യോഗത്തിന് ശേഷമാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. ഉമർ അയൂബ് ഖാനെ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തതായും പിടിഐ സ്പീക്കർ അസദ് ഖൈസർ പറഞ്ഞു.
പാകിസ്താനിൽ നടന്ന പൊതു തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, ഇക്കാര്യം അമേരിക്ക നിരീക്ഷിക്കണം എന്നും അറിയിച്ചാണ് സന്ദേശം കൈമാറിയതെന്ന് ഖൈസർ പറയുന്നു. ” ജനാധിപത്യത്തിന്റെ ചാമ്പ്യന്മാരാണ് അവരെന്ന് കരുതുന്നുണ്ടെങ്കിൽ പാകിസ്താനിൽ നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് അന്വേഷിക്കുകയും ശബ്ദിക്കുകയും വേണം. കാരണം അത് ന്യായമായ രീതിയിൽ നടന്ന ഒന്നല്ല. രാജ്യത്ത് നടന്ന അട്ടിമറിയിൽ അമേരിക്ക വ്യക്തമായ നിലപാട് എടുക്കണമെന്നും” സന്ദേശത്തിൽ ഇമ്രാൻ അറിയിച്ചതായും ഖൈസർ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ആദ്യ ദിവസങ്ങളിൽ തന്നെ അമേരിക്ക ശബ്ദമുയർത്തണമായിരുന്നുവെന്നും ഇയാൾ പറയുന്നു. അതേസമയം പാകിസ്താനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ എല്ലാക്കാലത്തും ഉറപ്പാക്കണം. പാകിസ്താനിൽ നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് ബോധവാനാണ്. രാജ്യത്തെ ജനതയുടെ നിലപാടുകൾ അംഗീകരിച്ച് കൊണ്ടു തന്നെ, ഇക്കാര്യത്തിൽ മുന്നോട്ടു പോകേണ്ടത് അത്യാവശ്യമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.