തമിഴ് യുവതാരം ശിവകാർത്തികേയനും മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകൻ എആർ മുരുഗദോസിന്റെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. എസ്‌കെ23 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങ് നടന്നത്.
സപ്ത സാഗരദാച്ചേ എല്ലോ എന്ന കന്നട ചിത്രത്തിലൂടെ ശ്രദ്ധേയയായ രുക്മിണി വസന്താണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രുക്മിണിയുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തിൽ ആദ്യം നായികയായി പ്രഖ്യാപിച്ചിരുന്നത് ബോളിവുഡ് നായിക മൃണാൾ താക്കൂറിനെയായിരുന്നു.
ഒരു ഇടവേളയ്‌ക്ക് ശേഷം ബോളിവുഡ് താരം വിദ്യുത് ജംവാൾ വീണ്ടും തമിഴിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറിൽ തിരുപ്പതി പ്രസാദാണ് നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. സിനിമയുടെ മറ്റ് റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.















