സൊമാലിയൻ കടൽക്കൊള്ളക്കാരിൽനിന്ന് എംവി ലില നോർഫോക്’ എന്ന ചരക്കുകപ്പലിനെ മോചിപ്പിച്ച ശേഷം ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് ചെന്നൈ’ എന്ന അത്യാധുനിക യുദ്ധക്കപ്പൽ ചെന്നൈയിൽ തിരിച്ചെത്തി. വെള്ളിയാഴ്ചയാണ് കപ്പൽ തിരികെ ചെന്നൈ തീരമണഞ്ഞത്.
ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം ഇന്ത്യൻ നാവികസേന കമാൻഡോ നീക്കത്തിലൂടെയാണ് പരാജയപ്പെടുത്തിയത്. കപ്പൽ ജീവനക്കാരായ 15 ഇന്ത്യക്കാരെയടക്കം 21 പേരെ മാർകോസ് (മറൈൻ കമാൻഡോസ്) സുരക്ഷിതരാക്കിയിരുന്നു. ജനുവരി അഞ്ചിനാണ് കപ്പൽ റാഞ്ചാൻ സൊമാലിയൻ കടക്കൊള്ളക്കാർ ശ്രമിച്ചത്. ആയുധധാരികളായ ആറുപേർ കപ്പലിൽ നുഴഞ്ഞു കയറിയെന്ന സന്ദേശമാണ് നാവികസേനയ്‌ക്ക് ലഭിച്ചത്.
അറേബ്യൻ തീരത്ത് പതിവ് പട്രോളിംഗിനിടെയാണ് വിവരം ലഭിച്ചതെന്ന് നാവിക സേന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ രഘു ആർ നായറുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം
ബ്രസീലിൽ നിന്നു ബഹ്‌റൈനിലേക്കു പോവുകയായിരുന്ന കപ്പൽ. സൊമാലിയയുടെ കിഴക്കൻ തീരത്തുനിന്ന് 460 നോട്ടിക്കൽ മൈൽ ദൂരെവച്ചാണ് റാഞ്ചാൻ ശ്രമിച്ചത്.ഐ.എൻ.എസ്. ചെന്നൈ ‘ദ ഡിസ്‌ട്രോയർ’എന്ന കപ്പലാണ് കടൽകൊള്ളക്കാരെ തുരത്തിയത്. നാവികസേനയുടെ കൊൽക്കത്ത ക്ലാസ് യുദ്ധക്കപ്പലുകളിൽ മൂന്നാമത്തേതാണ് ചെന്നൈ നഗരത്തിന്റെപേരിലുള്ള ഈ ആദ്യ യുദ്ധക്കപ്പൽ.















