പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. സിനിമാആസ്വാദകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ടർബോ ജോസ് എന്ന ശക്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ടർബോയുടെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വൈശാഖ്.
സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ് എന്ന വാർത്തയാണ് സംവിധായകൻ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ‘ ടർബോയുടെ ചിത്രീകരണം പൂർത്തിയാകാൻ ഇനി നാല് ദിവസങ്ങൾ കൂടി ‘ എന്ന കുറിപ്പിനൊപ്പം ചിത്രീകരണത്തിനിടയിലുള്ള ഒരു ചിത്രവും വൈശാഖ് പങ്കുവച്ചു. വൻ താരനിരയെ അണിനിരത്തി ഒരുങ്ങുന്ന ടർബോയുടെ അവസാനഘട്ട ചിത്രീകരണം ചെന്നൈയിലാണ് നടക്കുന്നത്.
കോമഡി-മാസ്-ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ്-തെലുങ്ക്-കന്നഡ-ഹിന്ദി ഇൻഡസ്ട്രികളിൽ നിന്നും വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തമിഴിൽ നിന്ന് അർജുൻ ദാസ്, തെലുങ്കിൽ നിന്ന് സുനിൽ, ഹിന്ദിയിൽ നിന്ന് കാബിർ ദുഹാൻ സിംഗ്, കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടി എന്നിവരാണ് മമ്മൂട്ടിക്കൊപ്പം സ്‌ക്രീനിൽ എത്തുന്നത്.
മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിക്കുന്നത്. കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ. എഡിറ്റർ- ഷമീർ മുഹമ്മദ്. സംഘട്ടനത്തിന് പ്രാധാന്യം ഏറെയുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് ഫൊണിക്‌സ് പ്രഭുവാണ്.















