ബെംഗളൂരു: SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് നൽകിയ ഹർജി തള്ളികൊണ്ട് കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് പുറത്ത്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ 46 പേജുള്ള വിശദമായ വിധി പ്രസ്താവത്തിന്റെ പകർപ്പാണ് പുറത്തു വന്നിരിക്കുന്നത്. വീണ വിജയന്റെ കമ്പനിക്കെതിരായുള്ള SFIOയുടെ അന്വേഷണം തീർത്തും നിയമപരമായി തന്നെയാണെന്നും ഇതിനാൽ എക്സാലോജിക് നൽകിയ ഹർജി നിലനിൽക്കില്ലെന്നും വിധിയിൽ പറയുന്നു. നേരത്തെ ഹർജി തള്ളുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഒരു വരി പ്രസസ്താവം മാത്രമായിരുന്നു കർണാടക ഹൈക്കോടതി പുറത്തു വിട്ടിരുന്നത്.
SFIOയുടെ അന്വേഷണത്തിൽ നിയമപരമായി തടസങ്ങൾ കാണുന്നില്ലെന്നും അതിനാൽ അന്വേഷണം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി നിലനിൽക്കുകയില്ലെന്നും വിധിയിൽ പറയുന്നു. ”അന്വേഷണം തടയണമെന്നുള്ള എക്സാലോജിക്കിന്റെ വാദങ്ങൾ നിലനിൽക്കില്ല. അന്വേഷണം SFIOയ്‌ക്ക് കൈമാറേണ്ട ഘട്ടത്തിൽ തന്നെയാണ് കൈമാറിയിരിക്കുന്നത്. അതിനാൽ നിയമപരമായി അന്വേഷണം നിർത്തി വയ്‌ക്കാൻ സാധിക്കില്ല. ആയതിനാൽ നിലവിൽ എക്സാലോജിക് സമർപ്പിച്ച ഹർജി തള്ളുന്നു” എന്നുമാണ് വിധിയിലുള്ളത്.
ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാഷ്‌ട്രീയകാർക്ക് സി.എം.ആർ. എൽ 135 കോടി നൽകിയെന്നും എക്സാലോജിക് ഒരു സേവനവും നൽകാതെയാണ് 1.72 കോടി രൂപ വാങ്ങിയതെന്നും SFIO കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് കർണാടക ഹൈക്കോടതി എക്സാലോജിക് നൽകിയ ഹർജി തള്ളിയത്.















