എറണാകുളം: മലയാള സിനിമാ നിർമ്മാതാക്കൾ വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരെ പ്രതിഷേധവുമായി തിയേറ്റർ ഉടമകളുടെ സംഘടന. ഈ ആഴ്ച മുതൽ തിയേറ്ററിൽ പുതിയ മലയാള സനിമ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഫിയോക്. വ്യാഴാഴ്ച മുതൽ നിർത്തി വെക്കാനാണ് തീരുമാനം.
സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞു മാത്രമേ ഒടിടിയ്‌ക്ക് നൽകാവു എന്നതാണ് നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥ നിർമ്മാതാക്കൾ തെറ്റിക്കുന്നു എന്നാണ് ആരോപണം. തിയേറ്ററിൽ മികച്ച കളക്ഷൻ നേടുന്ന സിനിമകൾ പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒടിടിയിൽ വരുന്നത് തിയേറ്റർ ഉടമകൾക്ക് തിരിച്ചടിയാകുന്നതായാണ് ആരോപണം. റിലീസ് സമയത്തെ നിർമ്മാതാക്കളുടെ തിയറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്‌ക്കണമെന്നുമാണ് ഭാരവാഹികളുടെ ആവശ്യം.
വിഷയത്തിൽ ബുധനാഴ്ചയ്‌ക്കകം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നാണ് ഫിയോക് ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമ്മാതാക്കൾ സഹായിക്കുന്നു എന്നും ഫിയോക് ഭാരവാഹികള്‍ ആരോപണം ഉന്നയിച്ചു. നിലവിൽ തിയേറ്ററുകളിലുള്ള സിനിമകളുടെ പ്രദർശനം തുടരും.