മക്കളെ തിരികെ വേണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടത്തിനൊരുങ്ങി സീമ ഹൈദറുടെ ആദ്യ ഭർത്താവ്. കാമുകനാെപ്പം ജീവിക്കാൻ പാകിസ്താനിൽ നിന്ന് അനധികൃതമായി മക്കൾക്കൊപ്പം ഇന്ത്യയിലെത്തിയ യുവതിയാണ് സീമ ഹൈദർ. പിന്നീട് കാമുകൻ സച്ചിൻ മീണയെ വിവാഹം കഴിച്ച്, യുവാവിനൊപ്പമാണ് ഗ്രേറ്റർ നോയിഡയിലാണ് താമസം. കഴിഞ്ഞ വർഷമാണ് ഇവർ യു.എ.ഇയിൽ എത്തിയ ശേഷം നേപ്പാൾ വഴി മൂന്നു മക്കൾക്കൊപ്പം ഇന്ത്യയിലെത്തിയത്.
പാകിസ്താനിലെ സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ അൻസാർ ബർണേ ആണ് ഗുൽഹാം ഹൈദറിന് നിയമപോരാട്ടത്തിനുള്ള സഹായം നൽകുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ അഭിഭാഷകനെ കേസ് നടത്താൻ ഏൽപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിൽ തടവിലാക്കപ്പെട്ടിരിക്കുന്ന ഇന്ത്യക്കാർക്കും അൻസാർ നിയമ സഹായം നൽകാറുണ്ട്.
പബ്ജി ഗെയിമിലൂടെയാണ് സീമയും സച്ചിനും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. അതേസമയം വിവാഹത്തിന് ശേഷം ഹൈന്ദവ മതം സ്വീകരിച്ചതായി സീമ ബിബിസി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പാകിസ്താനിലേക്ക് മടങ്ങാൻ താത്പ്പര്യമില്ലെന്നും മക്കളും ഹിന്ദു മതം സ്വീകരിച്ചെന്നും അവർ വെളിപ്പെടുത്തിയിരുന്നു. നിലവിൽ സച്ചിൻ-സീമ ദമ്പതികൾ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഇരിക്കുകയാണ്.