ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പതിവായി മുങ്ങുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വമ്പൻ തിരിച്ചടി. ഇനി ഇവിടെ മുങ്ങി ഐപിഎല്ലിൽ പൊങ്ങാമെന്ന് കരുതേണ്ട. ബിസിസിഐ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെ കൈഫ് അടക്കമുള്ള മുൻതാരങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.
ഐപിഎൽ മത്സരങ്ങൾ കളിക്കണമെങ്കിൽ ഒരു സീസണിൽ ഒരു താരം ഇനിമുതൽ കുറഞ്ഞത് മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങളെങ്കിലും കളിച്ചിരിക്കണം. നിലവിൽ ഏതെങ്കിലും ഫ്രാഞ്ചൈസിയുടെ താരമായിട്ടുള്ളവർക്കാണ് ഈ നിബന്ധന. ഇനി ഫ്രാഞ്ചൈസി റിലീസ് ചെയ്യുന്നവർക്ക് ലേലത്തിൽ പങ്കെടുക്കണമെങ്കിലും ഇതേ നിബന്ധന ബാധകമാകും. രഞ്ജി കളിക്കാത്തവർക്ക് ലേലത്തിൽ രജിസ്റ്റർ ചെയ്യാനുമാകില്ല.
യുവതാരങ്ങളടക്കം റെഡ്ബോൾ ക്രിക്കറ്റിനോട് അകലം പാലിക്കുന്നതോടെയാണ് ബിസിസിഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നതെന്നാണ് സൂചന. ഇഷാൻ കിഷൻ, ദീപക് ചഹാർ,ഹാർദിക് പാണ്ഡ്യ,ക്രുനാൽ പാണ്ഡ്യ,ശ്രേയസ് എന്നിവരടക്കം രഞ്ജി ട്രോഫിയിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐ.യുടെ നിർണായക തീരുമാനം.
ഐപിഎൽ കളിച്ച് അൽപ്പം പണം നേടി കഴിഞ്ഞാൽ പല താരങ്ങളും ആഭ്യന്തര ക്രിക്കറ്റിനോട് വിമുഖത കാട്ടുന്നത് മുൻ താരങ്ങളടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ പരിഷ്കാരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും. ഇക്കാര്യം ചൂണ്ടിക്കാട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മുങ്ങിയവർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്.