ചെന്നൈ: മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന കാൻസറിന് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് തമിഴ്നാട്ടിൽ പഞ്ഞിമുട്ടായിയുടെ വിൽപ്പന നിരോധിച്ചു. ഇന്നാണ് പഞ്ഞി മുട്ടായി നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. മിഠായിയിൽ ലെതറിനും തുണികൾക്കും നിറം പകരാൻ ഉപയോഗിക്കുന്ന റോഡാമൈൻ ബി എന്ന രാസവസ്തു ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്.
ബീച്ചിലും പാർക്കിലുമടക്കം വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ഇതിന്റെ ഉപയോക്തക്കൾ കുട്ടികളും യുവജനങ്ങളുമാണ്. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ മിഠായിയുടെ സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. പിന്നാലെയാണ് കൂടിയ അളവിൽ രാസവസ്തു ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ലെതർ കളറിംഗിലും പേപ്പർ പ്രിൻ്റിംഗിലും ഉപയോഗിക്കുന്ന വ്യാവസായിക ഗ്രേഡ് ഡൈയാണ്(രാസവസ്തു) റോഡാമൈൻ
ഭക്ഷണങ്ങൾക്ക് നിറം പകരാൻ റോഡാമൈൻ ബി ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും വകുപ്പിലെ എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി.















