ഡൽഹി: കർഷകർക്ക് വേണ്ടി മോദി സർക്കാർ നിലകൊണ്ടതുപോലെ മുമ്പ് ഒരു കേന്ദ്രസർക്കാരുകളും നിലകൊണ്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കർഷകർക്കും കാർഷിക മേഖലയ്‌ക്കും വേണ്ടി ധാരാളം കാര്യങ്ങൾ മോദി സർക്കാർ ചെയ്തിട്ടുണ്ട്. കർഷകരുടെ താത്പര്യങ്ങൾക്കാണ് കേന്ദ്രസർക്കാർ എന്നും മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കിയ രാജ്‌നാഥ് സിംഗ്, കർഷകർക്കായി നടപ്പിലാക്കിയ പദ്ധതികളോരോന്നും എണ്ണിപ്പറഞ്ഞു. ഡൽഹിയിൽ ബിജെപിയുടെ ദ്വിദിന ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കർഷകരുടെ താൽപ്പര്യങ്ങൾക്കായി ഈ സർക്കാർ കഴിഞ്ഞ 10 വർഷമായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കർഷകർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ രാസവളം ലഭ്യമാക്കുന്നു. ലോകമെമ്പാടും, ഇന്ന് ഒരു ചാക്ക് യൂറിയയുടെ വില 3000 രൂപയാണ്. എന്നാൽ നമ്മുടെ നാട്ടിൽ ഒരു ചാക്ക് 300 രൂപയ്‌ക്കാണ് ലഭിക്കുന്നത്. കാർഷിക മേഖലയ്‌ക്ക് 2014-ന് മുമ്പ് ബജറ്റ് വിഹിതം 25,000 കോടി രൂപയായിരുന്നു. എന്നാൽ പിന്നീട് ഇത് 1,25,000 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ 10 വർഷത്തിനിടെ കർഷകർക്ക് എംഎസ്പിയായി ഏതാണ്ട് 18 ലക്ഷം കോടി രൂപ ലഭ്യമാക്കി. നമ്മുടെ സർക്കാർ കർഷകർക്ക് 2.5 ശതമാനം എംഎസ്പി അധികമായി നൽകി”.
“പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ഇതുവരെ കർഷകർക്ക് 2,80,000 കോടി രൂപ ലഭിച്ചു. പ്രധാനമന്ത്രി സഫൽ ബീമാ യോജന, പ്രീമിയം ഇനത്തിൽ 30 കോടി അടച്ച് 1.5 ലക്ഷം കോടി ക്ലെയിം ചെയ്തു. ഇന്ന്, ഇന്ത്യയുടെ കാർഷിക കയറ്റുമതി 4 ലക്ഷം കോടി രൂപയിൽ എത്തിയിരിക്കുന്നു. ഞാൻ മുമ്പ് കൃഷി മന്ത്രി എന്ന നിലയിൽ രാജ്യത്തെ സേവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പൂർണ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, കേന്ദ്രം ഭരിച്ചിരുന്ന മുൻ സർക്കാരുകളേക്കാൾ കൂടുതൽ മോദി സർക്കാർ കർഷകർക്കായി ചെയ്തിട്ടുണ്ട് എന്ന്. പ്രധാനമന്ത്രിക്ക് കർഷകർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലയാണ്. നമ്മുടെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളോടും ദുരിതങ്ങളോടും അദ്ദേഹം എപ്പോഴും വളരെ അനുഭാവ പൂർണമായാണ് പെരുമാറാറുള്ളത്”- രാജ്‌നാഥ് സിംഗ് പറഞ്ഞു.