ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കി നാസ. ചൊവ്വാ ഗ്രഹത്തിലെ ജീവന്റെ തുടിപ്പുകളെ കണ്ടെത്തുന്നതിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർക്ക് അമേരിക്കൻ ബഹിരാകാശ ഏജൻസിലേക്ക് സ്വാഗതം. നാസയുടെ വരാനിരിക്കുന്ന ദൗത്യമായ ക്രൂ ഹെൽത്ത് ആൻ്റ് പെർഫോമൻസ് എക്സ്പ്ലോറേഷൻ അനലോഗിനായി (CHAPEA) നിയന്ത്രിത അന്തരീക്ഷത്തിൽ ദൗത്യങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യം.
ഈ കൃത്രിമ ദൗത്യങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുക. ആദ്യത്തെ CHAPEA സംഘം ഇതിനോടകം തന്നെ ദൗത്യത്തിലേർപ്പെട്ടിരിക്കുകയാണ്. രണ്ടാം ദൗത്യം വരുന്ന വർഷമാദ്യം ആരംഭിക്കും. ഏപ്രിൽ രണ്ടിനുള്ളിൽ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ടെക്സാസിലെ ഹൂസ്റ്റൺ ജോൺസൺ സ്പേസ് സെൻ്ററിൽ മാർസ് ഡ്യൂൺ ആൽഫ എന്നറിയിപ്പെടുന്ന ത്രിമാന പ്രിന്റഡ് ഹോമിൽ 365 ദിവസം കഴിയുന്നതാണ് നാസയുടെ CHAPEA ദൗത്യം. ചൊവ്വയുടെ ഉപരിതലത്തിൽ കഴിയുംപോലെയാകും മാർസ് ഡ്യൂൺ ആൽഫയിലെ ജീവിതം. പരിമിതികളും തകരാറുകളും ആശയവിനിമയ കാലതാമസും മറ്റും ദൗത്യത്തിലൂടെ മനസിലാകും.
നാല് പേരെയാകും ദൗത്യത്തിനായി തിരഞ്ഞെടുക്കുക. ബഹിരാകാശത്തെ നടത്തം, റോബോട്ടിക് പ്രവർത്തനങ്ങൾ, വ്യായാമം, 1,700 അടി ചതുരശ്രയടി സ്ഥലത്ത് വിളകളുടെ വളർച്ച എന്നിവ ഉൾപ്പടെയാകും പരീക്ഷണാർത്ഥം ചെയ്യുകയെന്നാണ് റിപ്പോർട്ട്. 30-നും 55-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി നാസയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.















