തിരക്കൊഴിയാതെ അയോദ്ധ്യ. രാമക്ഷേത്രത്തിലേക്ക് ഭക്തജനത്തിരക്ക് തുടരുകയാണ്. ദർശനത്തിന് ക്ഷേത്രാങ്കണത്തിൽ കാത്ത് നിൽക്കുന്നവരുടെ നീണ്ട നിരയാണ് ഇന്ന് അനുഭവപ്പെടുന്നത്.
തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ദിവസവും ഒരു മണിക്കൂർ സമയം ക്ഷേത്രം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉച്ചയ്‌ക്ക് ശേഷമാകും ഒരു മണിക്കൂർ നേരം ക്ഷേത്രം അടച്ചിടുക. പ്രാണ പ്രതിഷ്ഠയ്‌ക്ക് പിന്നാലെ ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഇതിനെ തുടർന്ന് ദർശന സമയം വർദ്ധിപ്പിച്ചിരുന്നു. രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയായിരുന്നു ദർശനം അനുവദിച്ചിരുന്നത്.
രാവിലെ നാല് മണിക്ക് പൂജകൾ ആരംഭിക്കുകയും ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ഭക്തർക്ക് ദർശനവും അനുവദിച്ചിരുന്നു. ഇതാണ് രാത്രി പത്ത് വരെ തുടർന്നിരുന്നത്. ബാലരൂപത്തിലുള്ള രാമനാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നും അഞ്ചുവയസുകാരന് ഇത്രയധികം നേരം ഭക്തർക്ക് ദർശനം നൽകി ഉണർന്നിരിക്കാൻ കഴിയില്ല. അതിനാലാണ് ഒരു മണിക്കൂർ നേരം ഉറങ്ങനായി മാറ്റിവയ്‌ക്കുന്നതെന്നും മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. ഉച്ചയ്‌ക്ക് 12.30 മുതൽ 1.30 വരെയുള്ള സമയത്ത് ക്ഷേത്ര നട തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാണ പ്രതിഷ്ഠയ്‌ക്ക് മുൻപ് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെയായിരുന്നു ദർശനം. ഉച്ചയ്‌ക്ക് രണ്ട് മണിക്കൂർ തിരുനട അടച്ചിടുമായിരുന്നു.