കോഴിക്കോട് : പഠിക്കാനും മറ്റുമായി വിദേശത്ത് പോയവരെ തിരികെ കൊണ്ടുവരുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസത്തിനും മറ്റുമായി കടൽക്കടക്കുന്ന മലയാളിയുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് ഓരോ വർഷവും രേഖപ്പെടുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണം. ഭാവി
മുന്നിൽക്കണ്ടാണ് സർക്കാർ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയവയ്ക്ക് തുടക്കമിട്ടത്.
കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ്. രാജ്യത്തെ 200 മികച്ച കോളജുകളിൽ 41 എണ്ണം കേരളത്തിലാണ്. വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട്ട് നടത്തിയ മുഖാമുഖം പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ.
പ്രസ്താവന പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും നിറഞ്ഞു. ആദ്യം നേതാക്കളുടെ മക്കളെ വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കൂയെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. ഏതൊക്കെ നേതാക്കളുടെ മക്കളാണ് വിദേശത്ത് നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയതെന്ന് ഒരു കണക്കെടുന്നത് നല്ലതാകുമെന്നും വിമർശനമുണ്ട്. പാവപ്പെട്ടവർ ലോണെടുത്തും കടം വാങ്ങിയുമാണ് പഠിക്കാൻ പോകുന്നതെന്നും അല്ലാതെ നാട്ടുകാരുടെ പണത്തിലല്ല പോകുന്നതെന്നും ആക്ഷേപിക്കുന്നവരുമുണ്ട്.