ജോലിക്കായാലും സ്കൂളിലേക്കായാലും പുറത്തേക്കായാലും എല്ലാവരും മറക്കാതെ ചെയ്യുന്ന കാര്യമാണ് പെർഫ്യൂം പൂശുക എന്നത്. വിയർപ്പിനോടും ദുർഗന്ധത്തോടും വിട പറയാനായി ഭൂരിഭാഗം പേരും പെർഫ്യൂമിനെ കൂട്ടുപിടിക്കുന്നു. എന്നാൽ ഇതിന്റെ ഗന്ധം എത്ര നേരം നിലനിൽക്കുന്നുവെന്നത് പലരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എത്ര ശ്രമിച്ചാലും കുറച്ച് നേരത്തിന് ശേഷം മണം പോകുന്നുവെന്ന് പരാതിപ്പെടുന്നവർക്കായി ഇതാ ചില ടിപ്സ്.. ദിവസം മുഴുവൻ ഗന്ധം നിലനിൽക്കാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- പെർഫ്യൂമിന് ശരീരത്തിൽ ഒട്ടിപ്പിടിക്കാൻ സഹായിക്കുന്നതിനായി മണമില്ലാത്ത മോയ്ചറൈസർ ഉപയോഗിച്ച് ആദ്യം ചർമ്മത്തെ ഈർപ്പമുള്ളതാക്കുക.
- പൾസ് പോയിന്റുകളിൽ പെർഫ്യൂം ഉപയോഗിക്കുക. കഴുത്ത്, ചെവിക്ക് പിന്നിൽ, കൈത്തണ്ട എന്നിവിടങ്ങളിൽ പെർഫ്യൂം സ്പ്രേ ചെയ്യാൻ ശ്രമിക്കുക
- മുടിയിലോ വസ്ത്രത്തിലോ പെർഫ്യൂം സ്പ്രേ ചെയ്യുന്നതിലൂടെ ഗന്ധം ദീർഘനേരം നിലനിൽക്കും. അലർജി ഉണ്ടാകുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- കുളി കഴിഞ്ഞതിന് ശേഷം പെർഫ്യൂം സ്പ്രേ ചെയ്യുന്നതാണ് അഭികാമ്യം.
- ഇരുണ്ടതും തണുത്തതുമായ അന്തരീക്ഷത്തിൽ വേണം പെർഫ്യൂം സൂക്ഷിക്കാൻ
- പൾസ് പോയിന്റിൽ മണമില്ലാത്ത ക്രീം പുരട്ടിയതിന് ശേഷം അവിടെ പെർഫ്യൂം സ്പ്രേ ചെയ്യാവുന്നതാണ്. പെട്രോളിയം ജെല്ലി തൈലം, വാസ്ലിൻ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
- ശരീരത്തിൽ നിന്ന് അഞ്ച് സെന്റിമീറ്റർ മുതൽ ഏഴ് സെന്റിമീറ്റർ വരെ അകലത്തിൽ വേണം പെർഫ്യൂം പുരട്ടാൻ. പെർഫ്യൂം കുപ്പിയുടെ വക്ക് ശരീരത്തിൽ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം.
- പെർഫ്യൂം കുപ്പി കുലുക്കാതിരിക്കാൻ ശ്രദ്ധിക്കണം. സുഗന്ധം നിലനിർത്തുന്നത് കുറയ്‌ക്കാൻ ഇത് കാരണമാകും.