രാജ്കോട്ട്: എല്ലാം വളരെ പെട്ടെന്നായിരുന്നു… ബാസ്ബോൾ കളിക്കാനെത്തിയവർ ഇന്ത്യൻ സ്പിൻ ബോളിന് മുന്നിൽ വീണു. 556 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് വമ്പന്മാർക്ക് കൂറ്റൻ തോൽവി. 434 റൺസിനാണ് ഇംഗ്ലീഷുകാരുടെ തോൽവി. അവരുടെ ചരിത്രത്തിലെ വമ്പൻ ടെസ്റ്റ് പരാജയങ്ങളിലൊന്നാണ് രാജ്കോട്ടിൽ പിറന്നത്. 122 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്പിന്നർമാർ അരങ്ങുവാണ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ബാറ്റർമാർക്ക് അടിതെറ്റുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറിക്കാർ ബെൻ ഡക്കറ്റാണ് ആദ്യം വീണത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ റൺ മാർജിനിൽ ഏറ്റവും ഉയർന്ന വിജയമാണ് ഇന്ന് നേടിയത്. ഇതോടെ 2-1 ന് പരമ്പരയിൽ മുന്നിലെത്താനും ഇന്ത്യക്കായി.
ഉഗ്രൻ ഫീൾഡിംഗിലൂടെ മുഹമ്മദ് സിറാജാണ് ഡക്കറ്റിനെ റണ്ണൗട്ടാക്കിയത്. 4 റൺസായിരുന്നു സമ്പാദ്യം. പിന്നാലെ 11 റൺസുമായി നിന്ന സാക് ക്രൗെളിയിലെ ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ ചായക്ക് പിരിയുമ്പോൾ 2ന് 18 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നെ എല്ലാം ഒരു മിന്നായം പോലെ തകർന്നു. ഒല്ലി പോപ്പിനെ (3) ജഡേജ രോഹിത്തിന്റെ കൈകളിലെത്തിച്ചു. തൊട്ടുടുത്ത സ്പെല്ലുകളിൽ ജോ റൂട്ടിനെയും(7) ജോണി ബെയ്ർസ്റ്റോയെയും(4) സർ ജഡേജ എൽബിയിൽ കുരുക്കിയതോടെ ഇംഗ്ലീഷ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു.
ബെൻ സ്റ്റോക്സിനെയും (4) റെഹാൻ അഹമ്മദിനെ (0)യും കുൽദീപ് മടക്കിയയച്ചു. 16 റൺസുമായി ചെറുത്തുനിൽപ്പ് നടത്തിയ ഫോക്സിനെ വീഴ്‌ത്തി ജഡേജ നാലാം വിക്കറ്റ് ആഘോഷിച്ചു. തിരികെ കളത്തിലിറങ്ങിയ അശ്വിൻ ടോം ഹാർട്ലിയുടെ കുറ്റി പിഴുതു. 16 റൺസായിരുന്നു താരം നേടിയത്. മാർക്ക് വുഡിന്റെ കൂറ്റൻ അടികളാണ് ഇംഗ്ലണ്ടിനെ നൂറ് കടത്തി വമ്പൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 15 പന്തിൽ 33 റൺസടിച്ച മാർക് വുഡിനെ പുറത്താക്കി അഞ്ചാം വിക്കറ്റ് നേടിയ ജഡേജയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. കുൽദീപിന് രണ്ടും ബുമ്രയ്‌ക്കും അശ്വിനും ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.നേരത്തെ യശ്വസി ജയ്സ്വളിന്റെ ഇരട്ടശതകവും ഗില്ലിന്റെയും സർഫറാസ് ഖാന്റെയും അർദ്ധശതകവുമാണ് ഇന്ത്യക്ക് കൂറ്റൻ ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്സ് 4ന് 430 ഡിക്ലയർ ചെയ്യുകയായിരുന്നു ഇന്ത്യ.