സൈനികന്റെ വേഷത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന ചിത്രമാണ് ‘അമരൻ’. രണ്ട് ദിവസം മുമ്പാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്ററും ടീസറും പുറത്ത് വിട്ടത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുകുന്ദ് എന്ന സൈനികന്റെ വേഷത്തിലാണ് ശിവകാർത്തികേയൻ എത്തുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്‍റെ ബയോപിക്കാണ് അമരൻ എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2014 ഏപ്രില്‍ 25ന് കശ്മീരിൽ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിച്ചു. രാജ്യം അദ്ദേഹത്തിന് അശോക ചക്ര നല്‍കി ആദരിച്ചു. മേജര്‍ മുകുന്ദ് വരദരാജന്‍റെ ജീവിതയാത്ര സിനിമ ആകുമ്പോൾ വികാരഭരിതമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ്.

‘അമരൻ… അനശ്വരമായ ഒന്ന്…
ഇത് എങ്ങനെയാണ് പറയേണ്ടതെന്ന് ഞാൻ ആയിരംവട്ടം ആലോചിച്ചു. അതിനുവേണ്ടി ഒരുപാട് കാത്തിരുന്നു. വർഷങ്ങൾക്ക് ശേഷം എന്റെ ഭർത്താവിന്റെ ഓർമ്മയും ദേശസ്‌നേഹവും വെള്ളിത്തിരയിൽ കാണാൻ ഞാൻ കാത്തിരിക്കുകയാണ്. പക്ഷേ ഈ ആവേശം എന്നന്നേക്കുമായി മായാത്ത സങ്കടവും അനന്തമായ സ്നേഹവും അടങ്ങാത്ത പ്രതീക്ഷയും ചേർന്നതാണ്.
ഇപ്പോൾ വെള്ളിത്തിരയിൽ അദ്ദേഹത്തിന്‍റെ സ്മരണയും ദേശസ്നേഹവും എന്നന്നേക്കുമായി അനശ്വരമാകുന്ന സമയമാണിത്. വലിയൊരു ലക്ഷ്യത്തിന് വേണ്ടി ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒരു ജീവൻ നഷ്ടപ്പെട്ടപ്പോഴും ദുഖത്തോടെ ശക്തമായി തന്നെ ജീവിക്കുന്നു. ജയ് ഹിന്ദ്!’- ഇന്ദു റബേക്ക വര്‍ഗീസ് കുറിച്ചു.















