ലക്നൗ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ സമാജ്‌വാദി പാർട്ടിയിൽ പൊട്ടിത്തെറി. ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് മുതിർന്ന നേതാവ് സലീം ഷെർവാനി. പാർട്ടിയിൽ മുസ്ലീങ്ങൾ നേരിടുന്നത് അവഗണിനയാണെന്നും പാർട്ടിയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് സലീം ഷെർവാനിയുടെ രാജി.
രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരു മുസ്ലീമിന്റെയും പേര് നിർദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി പാരമ്പര്യമനുസരിച്ച് മുസ്ലീം സമുദായത്തിന് രാജ്യസഭാ സീറ്റ് നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിടരുന്നു. തന്റെ പേര് പരിഗണിച്ചില്ലെങ്കിലും ഒരു മുസ്ലീം സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിച്ചില്ലെന്നും മുസ്ലീം സമുദായത്തിന്റെ പിന്തുണയെ പാർട്ടി കുറച്ചുകാണരുതെന്നും ഷെർവാനി പറഞ്ഞു. ഇത് സംബന്ധിച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് ഷെർവാനി കത്തയച്ചു.
ഭരണകക്ഷിക്കെതിരെ പോരാടുന്നതിനേക്കാൾ പരസ്പരം പോരടിക്കുന്നതിലാണ് പ്രതിപക്ഷത്തിന് താത്പര്യമെന്ന് ഇൻഡി സഖ്യത്തെയും സമാജ്‌വാദി പാർട്ടിയെയും വിമർശിച്ച് ഷെർവാനി പറഞ്ഞു. സ്വാമി പ്രസാദ് മൗര്യ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് സലീം ഷെർവാനിയുടെ രാജി. സ്ഥാനമൊവിഞ്ഞെങ്കിലും മുൻ എംപി പാർട്ടിയിൽ തന്നെ തുടരനാണ് സാധ്യത.