ഒട്ടനവധി ഗുണങ്ങളുള്ള ഇലവിഭവമാണ് മുരിങ്ങയില. വീട്ടുവളപ്പിലുണ്ടെങ്കിലും വൃത്തിയാക്കിയ പാകപ്പെടുത്തിയ എടുക്കാനുള്ള മടികൊണ്ട് പലരും മുരിങ്ങയിലയെ അധികം ശ്രദ്ധിക്കാറില്ല. എന്നാൽ ധാരാളം പോഷക ഘടകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങയില എല്ലാ ദിവസവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. വിറ്റാമിനുകളുടെ കലവറയാണ് മുരിങ്ങയില. പലതരത്തിലാണ് ഇവ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.
മുരിങ്ങയിലകൾ ഉണക്കി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീൻ, വിറ്റാമിൻ സി, ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ എ, വിറ്റാമിൻ ബി6 എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്ക് ഇത് ഉത്തമ പ്രതിവിധിയാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും രക്തസമ്മർദ്ദം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും മുരിങ്ങയില സഹായിക്കുന്നു.
മുരിങ്ങയിലകൾ പലവിധത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എങ്ങനെയെന്ന് നോക്കാം…
കുഴമ്പു രൂപത്തിലാക്കി ഉപയോഗിക്കുക
മുരിങ്ങയില നന്നായി കഴുകിയ ശേഷം കുറച്ച് നേരം വെള്ളമൊഴിച്ച് കുതിർക്കുക. അതിന് ശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കണം. ഇത് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
പൊടിച്ചെടുത്ത് ഉപയോഗിക്കാം
മുരിങ്ങയില ഉണക്കിയെടുത്ത ശേഷം പൊടിയുടെ രൂപത്തിലാക്കുക. വെള്ളം ഒട്ടും ഉപയോഗിക്കാൻ പാടില്ല. ഇത്തരത്തിൽ പൊടിച്ച് വെയ്‌ക്കുന്നത്
തൈര്, ഓട്‌സ്, സൂപ്പ്, കറികൾ, ചായ, കാപ്പി എന്നിവയിൽ ചേർത്ത് കഴിക്കാം.
ചൂട് വെള്ളത്തിൽ കലർത്തി ഉപയോഗിക്കുക
മുരിങ്ങയില നന്നായി പൊടിച്ച് ദിവസവും ചൂടുവെള്ളത്തിൽ കലർത്തി കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. കയ്പ്പ് അനുഭവപ്പെടുകയാണെങ്കിൽ നാരങ്ങയോ തേനോ ചേർത്ത് കഴിക്കാം.
സലാഡിൽ ചേർത്ത് കഴിക്കുക
മറ്റ് പച്ചക്കറികളോടൊപ്പം മുരിങ്ങയില സലാഡിൽ ചേർത്ത് കഴിക്കാവുന്നതാണ്. മുരിങ്ങയില ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് വേണം സലാഡിൽ ചേർക്കേണ്ടത്. ഇത് എല്ലാ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം പ്രയോജനം ചെയ്യുന്നു.