ലക്നൗ: ഇൻഡി സഖ്യത്തിന് കനത്ത പ്രഹരവുമായി സമാജ്‌വാദി പാർട്ടി. കോൺഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ന്യായ് യാത്രയിൽ നിന്നും സമാജ്‌വാദി പാർട്ടി വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെത്തിയ യാത്രയിലേക്ക് ഇതുവരെ തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഖിലേഷിന്റെ പിന്മാറ്റം. എന്നാൽ, മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമാണ് സഖ്യത്തിന്റെ വിള്ളലിന് കാരണമായി രാഷ്‌ട്രീയ നിരീക്ഷകർ ഉയർത്തിക്കാട്ടുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സമാജ്‌വാദി പാർട്ടിയുടെ നിലപാട്. പ്രധാന കക്ഷിയായ എസ്പിയുടെ പിന്മാറ്റം ഉത്തർപ്രദേശിൽ ഇൻഡി സഖ്യത്തിന് വലിയ തലവേദനയാകുമെന്നാണ് റിപ്പോർട്ടുകൾ. റായ്ബറേലിയിൽ നടക്കുന്ന പരിപാടിയിൽ യാദവ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
കഴിഞ്ഞ വർഷം അവസാനം നടന്ന മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലാണ് എസ്പി- കോൺഗ്രസ് ഭിന്നത മറ നീക്കി പുറത്തുവന്നത്. മദ്ധ്യപ്രദേശിൽ എസ്പിക്ക് സീറ്റുകൾ നൽകാതെ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ സഖ്യത്തെ ചോദ്യം ചെയ്ത് അഖിലേഷ് രംഗത്തുവന്നു. സമാനമായ രീതിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ മത്സരിക്കാമെന്നായിരുന്നു എസ്പി പ്രതികരിച്ചത്.
ബംഗാൾ, പഞ്ചാബ്, ഡൽഹി, കേരളം, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ ഇതിനോടകം സഖ്യം തകർന്ന സ്ഥിതിയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉത്തർപ്രദേശിലും സഖ്യം തകർന്നിരിക്കുന്നത്.















