ലക്നൗ: വികസനക്കുതിപ്പിൽ ഉത്തർപ്രദേശ്. 10 ലക്ഷം കോടി രൂപയുടെ 14,000 പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. ഇന്ന് രാവിലെ 10.30-ഓടെ പ്രധാനമന്ത്രി സംഭാൽ ജില്ലയിൽ ശ്രീ കൽക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കും.
ക്ഷേത്രത്തിൻറെ മാതൃക അനാച്ഛാദനവും ഈ സമയം നടക്കും. തുടർന്ന് പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആചാര്യ പ്രമോദ് കൃഷ്ണൻ ചെയർമാനായ ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റാണ് ക്ഷേത്ര നിർമ്മാണം. നിരവധി സന്ന്യാസിമാരും മതമേലദ്ധ്യക്ഷന്മാരും മറ്റ് പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും.
തുടർന്ന് അടുത്തിടെ നടന്ന യുപി ആഗോള നിക്ഷേപ ഉച്ചകോടിയിൽ ലഭിച്ച നിക്ഷേപ നിർദ്ദേശങ്ങൾ പ്രകാരം 10 ലക്ഷം കോടിയിലധികം മൂല്യമുള്ള 14000 പദ്ധതികൾ ഉത്തർപ്രദേശിലുടനീളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉൽപാദനം, പുനരുപയോഗ ഊർജ്ജം, ഐടി, ഐടിഇഎസ്, ഭക്ഷ്യ സംസ്‌കരണം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ. പ്രമുഖ വ്യവസായികൾ, ആഗോള, ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ, അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരുൾപ്പെടെ 5000-ത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും.