ലക്നൗ: ശ്രീ കൽക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർ പ്രദേശിലെ സംഭാൽ ജില്ലയിൽ. ആചാര്യ പ്രമോദ് കൃഷ്ണം അദ്ധ്യക്ഷനായ ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റാണ് ശ്രീ കൽക്കി ധാം ക്ഷേത്രം നിർമ്മിക്കുന്നത്.
ക്ഷേത്ര ചടങ്ങുകളിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തി ദിവസങ്ങൾക്ക് പിന്നാലെ ആചാര്യ പ്രമോദ് കൃഷ്ണത്തെ പാർട്ടി വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ് പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഇന്ന് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇന്ന് രാവിലെ 10.30-ഓടെയാകും പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കുക. ക്ഷേത്രത്തിൻറെ മാതൃക അനാച്ഛാദനവും ഈ സമയം നടക്കും. തുടർന്ന് പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും. നിരവധി സന്ന്യാസിമാരും മതമേലദ്ധ്യക്ഷന്മാരും മറ്റ് പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും.
തുടർന്ന് അടുത്തിടെ നടന്ന യുപി ആഗോള നിക്ഷേപ ഉച്ചകോടിയിൽ ലഭിച്ച നിക്ഷേപ നിർദ്ദേശങ്ങൾ പ്രകാരം 10 ലക്ഷം കോടിയിലധികം മൂല്യമുള്ള 14000 പദ്ധതികൾ ഉത്തർപ്രദേശിലുടനീളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.