ഇസ്ലാമാബാദ്: പാകിസ്താൻ തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താനൊരുങ്ങി പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ഉന്നതതല സമിതിക്ക് രൂപം നൽകി. പൊതുതിരഞ്ഞെടുപ്പിൽ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അട്ടിമറിയിൽ പങ്കുണ്ടെന്നുമുള്ള ആരോപണവുമായി റാവൽപിണ്ടി മുൻ കമ്മീഷണർ ലിയാഖത്ത് അലി ചട്ട രംഗത്തെത്തിയിരുന്നു. തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി പ്രഖ്യാപിക്കുകയാണെന്നും ഇയാൾ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഈ ആരോപണങ്ങളിന്മേൽ അന്വേഷണം നടത്താൻ ഉന്നതതല സമിതിക്ക് രൂപം കൊടുത്തത്. തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥികളെ ജയിച്ചതായി പ്രഖ്യാപിക്കാൻ പലയിടത്തും ശ്രമം നടന്നു എന്നതായിരുന്നു ലിയാഖത്തിന്റെ പ്രധാന ആരോപണം. ഇത്തരത്തിൽ 13 സ്ഥാനാർത്ഥികളുടെ വിജയം പൂർണമായും അട്ടിമറിക്കപ്പെട്ടുവെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ലിയാഖത്തിന്റെ പരാമർശത്തിന് പിന്നാലെ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ജില്ലാ റിട്ടേണിംഗ് ഓഫീസർമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉന്നതതല സമിതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജയ്‌ക്കെതിരായ ആരോപണത്തിൽ തുടർ നടപടികൾ പിന്നീട് തീരുമാനിക്കും. ഈ ആരോപണങ്ങൾ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റങ്ങൾ വരുത്താൻ ഒരു ഉദ്യോഗസ്ഥന് സാധിക്കില്ലെന്നും, ആരോപണങ്ങൾക്ക് തെളിവുകൾ ഹാജരാക്കാൻ ലിയാഖത്തിന് സാധിച്ചിട്ടില്ലെന്നുമാണ് കമ്മീഷൻ വാദിച്ചത്.