തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാറിനാണ് മോട്ടോർ വാഹന വകുപ്പ് 500 രൂപ പിഴ ഈടാക്കിയത്. വാഹനത്തിന്റെ മുൻ സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ഇടാത്തതിനാലാണ് പിഴയിട്ടതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ 12നാണ് സംഭവം. മന്ത്രിമാരുടെ നവകേരള സദസിന്റെ ഭാഗമായി വാഹനം മുണ്ടക്കയം- കുട്ടിക്കാനം റോഡിൽ എത്തിയപ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ക്യാമറയിൽ പതിയുകയായിരുന്നു. നവകേരള സദസിന്റെ ഭാഗമായി മന്ത്രിമാരുടെ ബസിന് എസ്‌കോർട്ട് പോയിരുന്ന വാഹനവ്യൂഹങ്ങളിൽ ഒന്നായിരുന്നു മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാർ. ഇതിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിഞ്ഞതോടെയാണ് വാഹനത്തിന് പിഴ ചുമത്തിയത്.