ഫാറൂഖ് അബ്ദുള്ളയ്‌ക്കും മകനുമെതിരെ ആരോപണങ്ങളുമായി ആസാദ് പാർട്ടി അദ്ധ്യക്ഷനും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ഒമർ അബുള്ളയും പിതാവും രഹസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തിയെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ഇരുവരും കണ്ടത് രാത്രിയാണ്. പുറത്തറിയാതിരിക്കാനാണ് ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ആസാദ് ആരോപണം ഉയർത്തിയത്. കൂടാതെ അബ്ദുള്ളമാരെ പരിഹസിച്ചിട്ടുമുണ്ട്.
അബ്ദുള്ളമാർ ശ്രീനഗറിൽ പറയുന്ന കാര്യമല്ല ജമ്മുവിൽ പറയുന്നത്, ഇതൊന്നുമായിരിക്കില്ല ഡൽഹിയിൽ പറയുന്നത്. നിലപാടുകളില്ലാത്ത രണ്ടുപേർ- ആസാദ് പറഞ്ഞു. 2014 അബ്ദുള്ളമാർ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ വലിയൊരു നീക്കം നടത്തി. അച്ഛനും മകനും ചേർന്ന് ഡബിൾ ഗെയിമാണ് കളിക്കുന്നത്. അവർ രാജ്യം ഭരിക്കുന്നവരെയും പ്രതിപക്ഷത്തിരിക്കുന്നവരെയും ഒരുപോലെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ആസാദ് തുറന്നടിച്ചു.















