ലക്നൗ: അമേഠിയിൽ മത്സരിക്കാൻ രാഹുലിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിലേക്ക് പോകാതെ രാഹുൽ അമേഠിയിൽ നിന്ന് മത്സരിക്കട്ടെയാന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. നാല് ദിവസത്തെ പര്യടനത്തിന്റെ ഭാഗമായി തന്റെ മണ്ഡലമായ അമേഠിയിൽ ജൻ സംവാദ് യാത്ര നടത്തുകയാണ് സ്മൃതി ഇറാനി.
15 വർഷം അമേഠിയെ പ്രതിനിധീകരിച്ചിരുന്നത് രാഹുലായിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ കേരളത്തിലെ വയനാട്ടിലേക്ക് ചുവടുമാറ്റി. ന്യായ് യാത്രയുടെ ഭാഗമായി രാഹുൽ നിലവിൽ അമേഠിയിലുണ്ട്.
‘രാഹുൽ അമേഠി വിട്ടുപോയി. ഇവിടുത്തെ ഒഴിഞ്ഞ റോഡുകൾ രാഹുലിനെ കുറിച്ചുള്ള ജനങ്ങളുടെ വികാരമെന്താണെന്ന് പറയുന്നുണ്ട്. ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിലേക്ക് പോകാതെ രാഹുൽ അമേഠിയിൽ നിന്ന് മത്സരിക്കട്ടെ’ – സ്മൃതി ഇറാനി പറഞ്ഞു.
2019-ന് ശേഷം ഇത് രണ്ടാം തവണയായാണ് ഇരുനേതാക്കളും ഒരേ സമയം അമേഠിയിൽ എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്‌ത പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ 2022 ഫെബ്രുവരിയിൽ ഒരേസമയം ഇരുവരും അമേഠിയിലെത്തിയിരുന്നു.