കണ്ണൂർ: മട്ടന്നൂരിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവർത്തകർ. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം തിരിച്ചുവരികയായിരുന്ന ഗവർണർക്കെതിരെ മട്ടന്നൂർ ടൗണിൽ വച്ചാണ് എസ്എഫ്‌ഐ കരിങ്കോടി പ്രതിഷേധവുമായി എത്തിയത്. പ്രവർത്തകരുടെ ഗുണ്ടായിസത്തിന് വഴങ്ങി കൊടുക്കാതെ വെല്ലുവിളിച്ച് കാറിൽ നിന്നും പുറത്തിറങ്ങി. സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് എസ്എഫ്‌ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടികളുമായി രംഗത്തെത്തിയത്. ഗവർണറുടെ വാഹനം കടത്തി വിടുന്നതിനും ഇവർ തടസം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് എസ്എഫ്‌ഐ പ്രവർത്തകരോട് തന്റെ അടുത്തേക്ക് വരാൻ വെല്ലുവിളിച്ച് ഗവർണർ കാറിൽ നിന്നും പുറത്തിറങ്ങിയത്. എസ്എഫ്‌ഐ പ്രവർത്തകർ ഗുണ്ടകളാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇന്ന് ഉച്ചയോടെയാണ് മാനന്തവാടിയിൽ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ഗവർണർ സന്ദർശിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഉറപ്പ് നൽകിയതിന് ശേഷമാണ് ഗവർണർ വയനാട്ടിൽ നിന്നും മടങ്ങിയത്.