ടിഫിൻ ബോക്‌സുകളിലെ ദുർഗന്ധമാണോ പ്രശ്‌നം? എങ്കിൽ ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ..

Published by
Janam Web Desk

സ്‌കൂളിൽ പോകുന്ന കുട്ടികളുടെയും ജോലിക്ക് പോകുന്നവരുടെയും ഒപ്പമുള്ള വസ്തുവായിരിക്കും ടിഫിൻ ബോക്‌സുകൾ. ചോറും, കറികളും, പലഹാരങ്ങളും തുടങ്ങി ഓരോ ദിവസവും മാറി മാറി എന്തെല്ലാം വിഭവങ്ങളാണ് നാം ടിഫിൻ ബോക്‌സുകളിലാക്കി കൊണ്ടുപോകാറുള്ളതല്ലേ? ഭക്ഷണ പദാർത്ഥങ്ങൾ, പ്രത്യേകിച്ച് കറികൾ ഇത്തരത്തിൽ നിരന്തരമായി ടിഫിൻ ബോക്‌സുകളിൽ നിറച്ചു കൊണ്ടു പോകുമ്പോൾ ഇവ കഴുകി വൃത്തിയാക്കിയതിന് ശേഷവും ചിലപ്പോൾ പാത്രത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കാം. കഴുകി വൃത്തിയാക്കിയതിന് ശേഷവും ബാക്ടീരിയകൾ പാത്രത്തിൽ നില നിൽക്കുന്നതിനാലാണ് ഇത്തരത്തിൽ ദുർഗന്ധം വമിക്കാൻ കാരണം. ഇത് ഒഴിവാക്കാനായി ചില പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാം..

കഴുകിയതിന് ശേഷം സൂര്യപ്രകാശത്തിൽ വച്ച് പാത്രം ഉണക്കിയെടുക്കുക

സോപ്പ് ഉപയോഗിച്ച് ടിഫിൻ ബോക്‌സ് കഴുകി വൃത്തിയാക്കിയാലും ഇതിൽ ബാക്ടീരിയകളുണ്ടാവാൻ സാധ്യതയുണ്ട്. ഈർപ്പത്തോടെ ഇത് ബാഗിലേക്ക് എടുത്ത് വയ്‌ക്കുമ്പോൾ ദുർഗന്ധം വമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ടിഫിൻ ബോക്‌സ് കഴുകിയ ശേഷം സൂര്യപ്രകാശത്തിൽ വച്ച് ഉണക്കിയെടുക്കാൻ ശ്രമിക്കുക.

ബേക്കിംഗ് സോഡ

പാത്രങ്ങളിലെ ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ഒരു പദാർത്ഥമാണ് ബേക്കിംഗ് സോഡ. അൽപം ബേക്കിംഗ് സോഡ എടുത്ത് ടിഫിൻ ബോക്‌സിലാക്കി ഒരു രാത്രി മുഴുവൻ വയ്‌ക്കുക. പിറ്റേ ദിവസം ഇത് കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ടിഫിൻ ബോക്‌സിലെ ദുർഗന്ധം കുറയ്‌ക്കാൻ സഹായിക്കുന്നു.

നാരങ്ങ തൊലി

ടിഫിൻ ബോക്‌സുകളിൽ നാരങ്ങാ തൊലിയിട്ട് അടച്ചു വയ്‌ക്കുന്നത് പാത്രങ്ങൾക്ക് സുഗന്ധം നൽകുന്നു. ബാക്ടീരിയകൾ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.

ഗ്രാമ്പു

ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് പുറമെ ലഞ്ച് ബോക്‌സുകളിൽ നിന്നും വമിക്കുന്ന ദുർഗന്ധം തടയുന്നതിനും ഗ്രാമ്പു സഹായകരമാണ്. ചെറിയ തുണിയിലോ ടീ ബാഗുകളിലോ കുറച്ച് ഗ്രാമ്പു നിറച്ച് ലഞ്ച് ബോക്‌സുകളിൽ വയ്‌ക്കുക. ഇവ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനൊപ്പം സുഗന്ധവും പകരുന്നു.

 

Share
Leave a Comment