സിനിമാസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനവുമായി മമ്മൂട്ടി എത്തിയ ചിത്രമാണ് ഭ്രമയുഗം. തീയേറ്ററുകളിൽ മികച്ച റിപ്പോർട്ടുകൾ നേടി മുന്നേറുന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് വിവരങ്ങൾ പുറത്തുവന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവിലൂടെയായിരിക്കും ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.
തീയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ഒടിടിയിലെത്തും. ഒടിടി റിലീസ് സംബന്ധിച്ച വാർത്തകൾ പിന്നീട് പുറത്തുവിടും. 20 കോടിയോളം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ ഓഫർ ചെയ്‌തെങ്കിലും റെക്കോർഡ് തുക നൽകി ഭ്രമയുഗം സ്വന്തമാക്കുകയായിരുന്നു സോണി ലൈവ്. 30 കോടിയോളം നൽകിയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സോണി ലൈവ് സ്വന്തമാക്കിയത്.
അതേസമയം ഭ്രമയുഗത്തിന്റെ മറ്റു ഭാഷകളിലുള്ള പതിപ്പുകൾ റിലീസിന് തയ്യാറെടുക്കുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി മൊഴിമാറ്റ പതിപ്പുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇംഗ്ലീഷ് സബ് ടൈറ്റിലോടെയായിരുന്നു ചിത്രം മറ്റ് സംസ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ മലയാളം പതിപ്പിന് റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.
തെലുങ്ക് പതിപ്പായിരിക്കും ആദ്യം റിലീസ് ചെയ്യുക. ഫെബ്രുവരി 23 തെലുങ്ക് പതിപ്പ് തീയേറ്ററുകളിലെത്തും. തെലുങ്കിലെ പ്രമുഖ ബാനറായ സിതാര എന്റർടെയ്ൻമെന്റ്‌സിനാണ് ചിത്രത്തിന്റെ വിതരണാവകാശം. മറ്റു പതിപ്പുകളുടെ ഡബ്ബിംഗ് പുരോഗമിക്കുകയാണെന്നും റിലീസ് ഉടനുണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.