കാസർകോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വികസന മുന്നേറ്റത്തില്‍ പുതിയ അദ്ധ്യായം രചിച്ച് ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരം വെർച്വലായാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ നടപ്പിലാക്കിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.
വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളില്‍ ഇത്രയേറെ പുരോഗതി പത്ത് വര്‍ഷം മുന്‍പ് സാധ്യമായിരുന്നില്ലെന്ന് പദ്ധതികള്‍ വിവരിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് പുതിയ ഇന്ത്യയാണ്. ഇന്നത്തെയും ഭാവി തലമുറയുടെയും ആധുനിക വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ വളരെയധികം തുക ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ 50 പുതിയ ഡിഗ്രി കോളേജുകള്‍ ഉള്‍പ്പെടെ റെക്കോര്‍ഡ് എണ്ണം സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. സ്‌കൂളില്‍ പോകാത്ത 45,000 പുതിയ കുട്ടികള്‍ ഇപ്പോള്‍ പ്രവേശനം നേടിയിട്ടുണ്ട്. രാജ്യത്താകെ വികസനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സമ്പദ് രംഗം മെച്ചപ്പെട്ടതിനാലാണ് ക്ഷേമ പദ്ധതികള്‍ക്കായി സര്‍ക്കാരിന് പണം ചെലവഴിക്കാന്‍ സാധിക്കുന്നത്. മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥ കാരണം സൗജന്യ റേഷന്‍, ചികിത്സ, വീടുകള്‍, ഗ്യാസ് കണക്ഷനുകള്‍, ടോയ്ലറ്റുകള്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്നിവ നല്‍കാന്‍ കഴിയുന്നുണ്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റണം. ഇത് ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി ചെലവഴിക്കാനുള്ള രാജ്യത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളിലായി 32000 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും തറക്കല്ലിടുകയും ചെയ്തിരുന്നു. കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ് ഡോ. ബി.ആര്‍ അംബേദ്കര്‍ ഭവനെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയുടെ പേര് നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിന്റെയും സര്‍വ്വതോന്മുഖമായ വികസനമാണ് സര്‍വ്വകലാശാലയുടെ ലക്ഷ്യം. ജില്ലയുടെ വികസനത്തിന് ഉള്‍പ്പെടെ സര്‍വ്വകലാശാല പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ എംപി രാജ്മോഹൻ ഉണ്ണിത്താൻ, മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. ജോസഫ് കോയിപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, അക്കാദമിക് കൗണ്‍സില്‍ അംഗം പ്രൊഫ. ആര്‍.കെ. മിശ്ര, കോര്‍ട്ട്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ് നന്ദിയും പറഞ്ഞു. കരാറുകാരെയും കണ്‍സള്‍ട്ടന്റിനെയും ചടങ്ങില്‍ ആദരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ പരമ്പരാഗത വേഷത്തിലാണ് അതിഥികളെ സ്വീകരിച്ചത്. കലാപരിപാടികളും അരങ്ങേറി.
പുതിയ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം യാഥാര്‍ത്ഥ്യമായതോടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് സര്‍വ്വകലാശാല നടത്തുന്നത്. മൂന്ന് നിലകളിലായി 68200 സ്‌ക്വയര്‍ ഫീറ്റില്‍ 38.16 കോടി രൂപ ചെലവിലാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹെഫ (ഹയര്‍ എജ്യൂക്കേഷന്‍ ഫിനാന്‍സിംഗ് ഏജന്‍സി) സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. സര്‍വ്വകലാശാലയുടെ ഭാവിയിലെ വികസനവും കണക്കിലെടുത്തുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. നിലവില്‍ ഗംഗോത്രി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഭാഗങ്ങളും പുതിയ മന്ദിരത്തിലേക്ക് മാറും. ആദ്യ നിലയിലാണ് വൈസ് ചാന്‍സലറുടെ കാര്യാലയം. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗം ഉള്‍പ്പെടെ നടത്തുന്നതിനുള്ള കോണ്‍ഫറന്‍സ് ഹാളും ഇവിടുണ്ട്. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ ഓഫീസുകള്‍, അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍സ്, എക്്‌സാം, പര്‍ച്ചേസ് തുടങ്ങി വിവിധ സെക്ഷനുകളും മന്ദിരത്തില്‍ പ്രവര്‍ത്തിക്കും. ദിവ്യാംഗ സൗഹൃമാണ് കെട്ടിടം. ലിഫ്റ്റ്, വൈഫൈ, പാര്‍ക്കിംഗ് സൗകര്യം എന്നിവയുമുണ്ട്.
















