തിരുവനന്തപുരം: രാഷ്‌ട്രീയത്തെ കുറിച്ചുള്ള സംവിധായകൻ ബേസിൽ ജോസഫിന്റെ ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോളേജിൽ പഠിക്കുന്ന സമയത്ത് രാഷ്‌ട്രീയത്തിൽ ഇറങ്ങരുതെന്ന് തന്റെ രക്ഷിതാക്കൾ ഉപദേശിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് മിക്ക രക്ഷിതാക്കളും ഇങ്ങനെ പറയുന്നതെന്നുമായിരുന്നു ബേസിലിന്റെ ചോദ്യം. രാഷ്‌ട്രീയ രംഗത്തുള്ള എല്ലാവരെയും മാതൃകയാക്കാൻ പറ്റുന്നവരല്ല എന്നതായിരുന്നു ബേസിലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ഉത്തരം. നവകേരള കാഴ്ചപ്പാടുകൾ’ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബേസിലിന്റെ ചോദ്യം- ഞാൻ പണ്ട് കോളേജിൽ ജോയിൻ ചെയ്യാൻ നേരത്ത് എന്റെ വീട്ടുകാർ പറഞ്ഞു, ഒരു കാരണവശാലും രാഷ്‌ട്രീയത്തിൽ ചേരാൻ പാടില്ല. രാഷ്‌ട്രീയത്തിൽ ചേർന്നാൽ വഴി പിഴച്ചു പോകും. അതൊരു പൊതുബോധം ആകാം. എന്തുകൊണ്ടാണ് അത്? ഇന്ന് എങ്ങനെ രാഷ്‌ട്രീയത്തിലേയ്‌ക്ക് അടുക്കാൻ പറ്റും?
പിണറായി വിജയന്റെ ഉത്തരം- ബേസിലിന്റെ രക്ഷിതാക്കൾ പറഞ്ഞത് സാധാരണ രക്ഷിതാക്കളുടെ വികാരമായി കണ്ടാൽ മതി. കാരണം, രാഷ്‌ട്രീയത്തിനകത്ത് ഒരുപാട് കെട്ടജീവിതങ്ങളുണ്ട്. രാഷ്‌ട്രീയ രംഗത്തുള്ള എല്ലാവരും മാതൃകയാക്കാൻ പറ്റുന്നവരല്ല. പല ജീർണതകളും ബാധിച്ച രാഷ്‌ട്രീയ നേതാക്കളുടെ ചിത്രങ്ങൾ പുറത്തു വരാനുണ്ട്. അതുകൊണ്ടാണ് രാഷ്‌ട്രീയം എന്നത് എന്തോ വൃത്തിക്കെട്ട ഒന്നാണെന്ന് ശരാശരി രക്ഷിതാക്കളും കണക്കു കൂട്ടുന്നത്.















